സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ കോപ്പി കൂടെ സമർപ്പിക്കൽ നിർബന്ധമാണെന്ന് മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചു.
നേരത്തെ ഈ വ്യവസ്ഥ ഡെൽഹി സൗദി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുന്ന തൊഴിൽ വിസകൾക്ക് മാത്രമായിരുന്നു ബാധകമെന്ന് മുംബൈ മൗലവി ട്രാവൽസ് മാനേജർ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ സഹിതമുള്ള തൊഴിൽ കരാറിന്റെ കോപ്പി സമർപ്പിക്കാത്ത വിസ സ്റ്റാംബിംഗ് അപേക്ഷകൾ തള്ളുമെന്നും മുംബൈ സൗദി കോൺസുലേറ്റ് ഓർമ്മപ്പെടുത്തി.
അതേ സമയം തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാൻ ബയോമെട്രിക് ആവശ്യമാണെന്ന വ്യവസ്ഥ ബലി പെരുന്നാൾ വരെ ഒഴിവാക്കിയത് നിരവധി സൗദി തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാകും.
തൊഴിൽ വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ അപേക്ഷകൻ വി എഫ് എസ് കേന്ദ്രത്തിൽ പോയി ബയോ മെട്രിക് നൽകണമെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് അറിയിച്ചിരുന്നത്. തത്ക്കാലം ആ നിബന്ധന നടപ്പാക്കുന്നത് ബലി പെരുന്നാൾ വരെ നീട്ടിയിയിരിക്കുകയാണെന്ന് കോൺസുലേറ്റ് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ കരാർ കോപ്പി നിർബന്ധമാക്കി
