അൽബാഹ:കഴിഞ്ഞ ദിവസങ്ങളിൽ അൽബാഹ പ്രവിശ്യയുടെ മലയോര മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ വാദി അൽഅഖീഖ് അണക്കെട്ട് തുറന്നു. പ്രവിശ്യാ ഗവർണർ ഡോ.ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നിർദേശ പ്രകാരമാണ് അണക്കെട്ട് തുറന്നു വിട്ടതെന്ന് കൃഷി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അണക്കെട്ടിലെ വെള്ളത്തിന്റെ തോത് കുറക്കുന്നതോടൊപ്പം കൃഷിക്കാവശ്യമായ ജല സേചനവും കിണറുകളിൽ വെള്ളത്തിന്റെ തോത് ഉയർത്തുകയുമാണ് ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മലയോര പ്രദേശങ്ങളിലേക്കും വെള്ളമൊഴുകുന്ന ഭാഗങ്ങളിലേക്കും പോകാവൂവെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വാദി അൽ അഖീഖിൽ ഇപ്പോൾ 19126142 ക്യുബിക് മീറ്റർ വെള്ളമുണ്ട്. 1126142 ഘന അടി വെള്ളം ഒഴുക്കിവിടും. അൽബാഹയിലെ പ്രധാന ജല സ്രോതസ്സാണ് വാദി അൽഅഖീഖ്.