അബുദാബി: 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു.
ഇതേസമയം ഗോൾഡൻ വീസക്കാർക്ക് ഇളവുണ്ട്. യുഎഇ വീസക്കാർക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വീസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയാം. ഇത്തരക്കാർ ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം.
180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടയ്ക്കണം. റസിഡൻസ് വീസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. വ്യക്തിഗത വീസയാണെങ്കിൽ ഐസിപി വെബ്സൈറ്റ് വഴിയും അല്ലാത്തവർ അതാതു കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം.