റിയാദ്- നഗരസഭകളുടെ മേല്‍നോട്ടത്തിലുള്ള നാല്‍പതോളം ഇനം വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ബലദീ പ്ലാറ്റ്‌ഫോം വഴിയാണ് ലൈസന്‍സ് എടുക്കേണ്ടത്.
ലൈസന്‍സുകളില്‍ രേഖപ്പെടുത്തിയ മേഖലയില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും ബലദിയ ലൈസന്‍സുകള്‍ പുതുക്കാനും എടുക്കാനും തൊഴിലാളികള്‍ക്ക് പ്രൊഫഷന്‍ ലൈസന്‍സ് എടുത്തു നല്‍കല്‍ നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ അത്തരം പ്രൊഫഷണല്‍ ലൈസന്‍സുള്ള ഒരാളെങ്കിലും സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. ഉയര്‍ന്ന നിലവാരമുള്ള ജോലി കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് യോഗ്യത, അനുഭവ പരിചയം, വൈദഗ്ധ്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ജോലിക്കാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് എടത്തുകൊടുക്കണമെന്നും ഇല്ലെങ്കില്‍ ലൈസന്‍സ് പുതുക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം സ്ഥാപന ഉടമകളെ ഓര്‍മ്മിപ്പിച്ചു. ഉല്‍പന്നങ്ങള്‍ക്കോ നല്‍കുന്ന സേവനത്തിനോ ന്യൂനതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നതാണ് ഇത്തരം ലൈസന്‍സ് വ്യവസ്ഥ. 81 പ്രൊഫഷനുകളില്‍ നേരത്തെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രഫഷന്‍ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു.