റിയാദ്:സൗദി അറേബ്യ നടപ്പു സാമ്പത്തിക വർഷത്തിൽ 5.8 ശതമാനം വളർച്ച നേടുമെന്ന് സൗദി ധനകാര്യ വകുപ്പു മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അറിയിച്ചു. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം 5.4 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായതും സൗദിക്കാണ്. മഹാമാരികൾക്കും എണ്ണ പ്രതിസന്ധികൾക്കും ശേഷം രാജ്യത്തിന്റെ വളർച്ചാ നിരക്ക് സ്ഥിരത കൈവരിച്ച നിലയിലാണ്. തൊഴിൽ മേഖലയിലെ വനിതാ പ്രാതിനിധ്യം ഈ വർഷത്തിൽ 6 ശതമാനമായി ഉയർന്നു. സ്വകാര്യമേഖലയിൽ തൊഴിൽ നിരക്ക് വർധിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിലെല്ലാം നല്ല നിക്ഷേപാവസരങ്ങളാണുള്ളത്. അടിസ്ഥാന മേഖലകളിലും ശാസ്ത്ര സാങ്കേതികവിദ്യാ രംഗത്തും മാനവ വിഭവശേഷി മേഖലയിലുമെല്ലാമുള്ള നിക്ഷേപാവസരങ്ങൾക്കപ്പുറം ദീർഘാകാലാടിസ്ഥാനത്തിൽ ഗുണം ലഭിക്കുന്ന വൻകിട പദ്ധതികളിലും മേഖലാ രാജ്യങ്ങൾ മുതൽമുടക്കിക്കൊണ്ടിരിക്കുകയാണെന്ന് അൽ ജദ്ആൻ പറഞ്ഞു.