റിയാദ്:മസ്ജിദുല്‍ ഹറാമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി (സൗദി പോര്‍ട്ടികോ) എന്ന പേരിലായിരിക്കും അറിയപ്പെടുക. അബ്ബാസി ഭരണകാലത്ത് നിര്‍മിച്ച അബ്ബാസി പോര്‍ട്ടികോയെ വലയം ചെയ്ത് നാലു നിലകളിലായി നിര്‍മിച്ച ഈ ഭാഗത്തിന്റെ പുതിയ നാമകരണം സൗദി ഭരണനേതൃത്വം അംഗീകരിച്ചതായി ഇരുഹറം കാര്യ വിഭാഗം മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.
മസ്ജിദുല്‍ ഹറാമിനെയും വിശുദ്ധ കഅ്ബയുടെ മുറ്റ(മത്വാഫ്)ത്തെയും അതിര്‍ത്തി തിരിക്കുന്നതാണ് ഈ കെട്ടിടം. അഥവാ കഅ്ബയുടെ മുറ്റത്ത് നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് കയറുന്ന ഭാഗത്താണ് അല്‍റുവാഖ് സൗദി നില്‍ക്കുന്നത്. ഹാജിമാരുടെ എണ്ണക്കൂടുതല്‍ കാരണം മസ്ജിദുല്‍ ഹറാമിന്റെ വിപുലീകരണത്തിന് രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് നിര്‍ദേശിച്ചിരുന്നു. 1955ല്‍ സൗദ് രാജാവിന്റെ ഭരണകാലത്ത് പോര്‍ട്ടികോ ഉള്‍പ്പെടുത്തി മത്വാഫ് വിപുലീകരണം തുടങ്ങി. പിന്നീട് ഫൈസല്‍, ഖാലിദ്, ഫഹദ്, അബ്ദുല്ല രാജാക്കന്മാരുടെ കാലത്തും വിപുലീകരണം തുടര്‍ന്നു. തിരുഗേഹങ്ങളുടേ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലത്താണ് നിര്‍മാണം പൂര്‍ത്തിയായത്.
അബ്ബാസി പോര്‍ട്ടികോയെ വലയം ചെയ്യുന്ന അല്‍റുവാഖ് അല്‍സൗദിക്ക് ഗ്രൗണ്ട് ഫ്‌ളോറിന് പുറമെ ഒന്ന്, രണ്ട്, മെസാനൈന്‍, മുകള്‍ ഭാഗം എന്നിവയില്‍ 2,87,000 പേര്‍ക്ക് നമസ്‌കരിക്കാന്‍ സാധിക്കും. മത്വാഫിലും റുവാഖിലുമായി ഒരു മണിക്കൂറില്‍ 1,07,000 പേര്‍ക്ക് ത്വവാഫ് ചെയ്യാനുള്ള ശേഷിയുമുണ്ട്. ലൈറ്റിംഗും ശബ്ദ സംവിധാനവുമായി ഏറ്റവും നൂതന ശൈലിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഫഹദ് രാജാവിന്റെ കാലത്താണ് ഈ പോര്‍ട്ടിക്കോയുടെ പടിഞ്ഞാര്‍ ഭാഗം വികസിപ്പിച്ചത്. അതോടെ വെള്ള മാര്‍ബിള്‍ പതിച്ച തൂണുകളുടെ എണ്ണം 1500 ആയി ഉയര്‍ന്നു. 10 ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്ന വിധത്തില്‍ 36,500 ചതുരശ്രമീറ്റര്‍ വിസതൃതിയില്‍ ഈ ഭാഗം വികസിച്ചു. ഈ ഭാഗത്ത് കിംഗ് ഫഹദ് ഗൈറ്റും സ്ഥാപിച്ചു. അബ്ദുല്ല രാജാവിന്റെ കാലത്ത് വടക്ക് ഭാഗമാണ് വികസിപ്പിച്ചത്. സല്‍മാന്‍ രാജാവിന്റെ കാലത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ 20 ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്ന വിധത്തില്‍ മസ്ജിദുല്‍ ഹറാം പത്ത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വികസനം പൂര്‍ത്തിയാക്കി. ഇവിടെ കിംഗ് അബ്ദുല്ല ഗെയ്റ്റും സ്ഥാപിച്ചു. സൗദി വാസ്തുവിദ്യയുടെ പ്രൗഢമായ അടയാളങ്ങളിലൊന്നായാണ് അല്‍റുവാഖ് അല്‍സൗദി ഗണിക്കപ്പെടുന്നത്.
ഹറമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി എന്ന പേരിൽ അറിയപ്പെടും
