അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ കനത്ത മഞ്ഞുവീഴ്ച. കനത്ത മഴക്കു പിന്നാലെയാണ് ഖമീസ് മുശൈത്തിലും അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍സൂദ മലനിരകളിലും മഞ്ഞുവീഴ്ചയുണ്ടായത്. റോഡുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടു. ശക്തമായ മഞ്ഞുവീഴ്ചയില്‍ ഖമീസ് മുശൈത്തിലെ ഏതാനും ഡിസ്ട്രിക്ടുകളില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെട്ട് ഷെവലുകള്‍ ഉപയോഗിച്ച് മഞ്ഞ് കൂനകള്‍ നീക്കം ചെയ്ത് റോഡുകള്‍ പിന്നീട് ഗതാഗത യോഗ്യമാക്കി. ഖമീസ് മുശൈത്തിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, അസാധാരണ പ്രതിഭാസമെന്നോണം റമദാന്‍ 28 ന് തായിഫിലും ശവ്വാല്‍ 29 ന് ഖമീസ് മുശൈത്തിലുമുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ കുറിച്ച് കാലാവസ്ഥാ പഠനം നടത്താന്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. അയ്മന്‍ ഗുലാം നിര്‍ദേശം നല്‍കി. ഖമീസ് മുശൈത്തിലും തായിഫിലുമുണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
യൂറോപ്യൻ നാടുകളിലെ മഞ്ഞുവീഴ്ചയെ ഓർമിപ്പിച്ച് കനത്ത മഞ്ഞു വീഴ്ചയും മഴയുമായി അൽ സൂദ മലനിര. നഗരത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദ സഞ്ചാരികളും കുടുംബംങ്ങളുമൊന്നടകം മലമുകളിലേക്ക് കയറുന്ന കാഴ്ചയായിരുന്നു ഇന്നലെ. അബഹയും അസീറും ഖമീസുമുൾപടെ സൗദിയിലെ പലസ്ഥലങ്ങളിലും ഇന്നും മഴയുണ്ടാകാനുള്ള സാധ്യത സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ മാസം തായിഫിലും ഖമീസിലുമുണ്ടായ അതിശക്തമായ ഐസ് വീഴ്ചയെ കുറിച്ചും കാലാവസ്ഥയിൽ മാറ്റം വരികയാണോ തുടങ്ങിയകാര്യങ്ങളെക്കുറിച്ചും പഠനവിധേയമാക്കുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആക്റ്റിംഗ് ചെയർമാൻ അയ്മൻ ഗുലാം പറഞ്ഞു. ശക്തമായ ഐസ് വീഴ്ചയിൽ വാഹനങ്ങൾക്കും കൃഷിയിടങ്ങൾക്കുമെല്ലാം വ്യാപകമായ നാശം സംഭവിച്ചിരുന്നു.