മക്ക:വിദേശ ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ ഏഴു രാജ്യങ്ങളില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷന്‍ 2030 പദ്ധതിയില്‍ പെട്ട പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി ഇത് അഞ്ചാം വര്‍ഷമാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. ഇത്തവണ മൊറോക്കൊ, ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.
വിസ അനുവദിക്കല്‍, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കല്‍, സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട ജവാസാത്ത് നടപടിക്രമങ്ങള്‍, ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തല്‍, സൗദിയിലെ യാത്രാ, താമസ ക്രമീകരണങ്ങള്‍ക്കനുസരിച്ച് ലഗേജുകള്‍ തരംതിരിച്ച് കോഡിംഗ് ചെയ്യല്‍ എന്നീ നടപടിക്രമങ്ങള്‍ സ്വദേശങ്ങളില്‍ വെച്ച് എളുപ്പത്തിലും സുഗമമായും പൂര്‍ത്തിയാക്കുകയാണ് പദ്ധതി വഴി ചെയ്യുക. പദ്ധതി പ്രയോജനം ലഭിക്കുന്ന തീര്‍ഥാടകര്‍ക്ക് സൗദിയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയാലുടന്‍ ബസുകളില്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്ക് പോകാന്‍ സാധിക്കും. സൗദിയിലെ ബന്ധപ്പെട്ട സേവന വകുപ്പുകള്‍ തീര്‍ഥാടകരുടെ ലഗേജുകള്‍ പിന്നീട് അവരുടെ താമസസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കും.
വിദേശ, ആരോഗ്യ, ഹജ്-ഉംറ മന്ത്രാലയങ്ങളുമായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറ്റിയുമായും സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.
ഹാജിമാരുടെ സൗദി പ്രവേശന നടപടിക്രമങ്ങൾ സ്വദേശങ്ങളിൽ വച്ച് പൂർത്തിയാക്കുന്ന പദ്ധതിക്ക് തുടക്കം
