ജിദ്ദ:ബിനാമി നിർമാർജനത്തിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ ടയർ, വാഹന ഓയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന തുടരുന്നു. ടയർ, ഓയിൽ വിപണിയിൽ ബിനാമി ബിസ്നസ് തുടരുന്നതായ സംശയത്തെ തുടർന്നാണ് പരിശോധനകൾ തുടരുന്നത്. തൊഴിൽ മാനവശേഷി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുൻസിപ്പൽ ഗ്രാമ വികസന മന്ത്രാലയം, കസ്റ്റംസ്, വാറ്റ് ആന്റ് സകാത്ത് അതോറിറ്റി തുടങ്ങിയയുടെ സംയുക്ത സംഘങ്ങളാണ് ഫീൽഡ് പരിശോധനകളിൽ പങ്കെടുക്കുന്നത്. പരിശോധനക്കിടെ 13 സ്ഥാപനങ്ങളിൽ ബിനാമി സംശയം കണ്ടെത്തുകയും തുടർ നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കേസുകൾ റഫർ ചെയ്യുകയും ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. കുറ്റം തെളിഞ്ഞാൽ പ്രതികൾക്കെതിരിൽ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കും.സൗദിയിൽ ബിനാമി ബിസിനസ് കുറ്റകൃത്യങ്ങൾ പിടിക്കപ്പെട്ടാൽ അമ്പതു ലക്ഷം റിയാൽ വരെ പിഴയും അഞ്ചു വർഷം വരെ തടവുമാണ് വിധിക്കുക ഉൽപന്നങ്ങളും ചരക്കുകളും കണ്ടു കെട്ടുകയും ബിനാമി കച്ചവടം നടന്ന സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തു അടപ്പിക്കുകകയും ചെയ്യും. പ്രതികൾക്ക് ഭാവിയിൽ സൗദിയിൽ ബിസിനസിലേർപെടാൻ അനുമതിയുണ്ടായിരിക്കുകയില്ലെന്നതിനു പുറമെ വിദേശികളെ ആജീവനാന്ത തൊഴിൽ വിസാവിലക്കേർപെടുത്തി സ്വദേശങ്ങളിലേക്കു കയറ്റി വിടുകയും ചെയ്യും.