തബൂക്ക്:ചെങ്കടലിലെ ശൈബാറ ദ്വീപില്‍ ഒരുങ്ങുന്നത് അതുല്യ രൂപകല്‍പനയിലുള്ള ഫ്‌ളോട്ടിംഗ് വില്ലകള്‍. മള്‍ട്ടി നാഷണല്‍ കമ്പനിയായ ഗ്രാന്റ്ക്രാഫ്റ്റുമായി സഹകരിച്ചാണ് ഈ വില്ലകളുടെ നിര്‍മാണമെന്ന് റെഡ് സീ ഗ്ലോബല്‍ കമ്പനി അറിയിച്ചു. കരയില്‍ നിന്ന് 45 മിനുട്ട് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഈ ശൈബാറ ദ്വീപില്‍ 38 ഫ്‌ളോട്ടിംഗ് വില്ലകളും 35 ബീച്ച് വില്ലകളുമടക്കം 73 വില്ലകളുടെ നിര്‍മാണം ആരംഭിച്ചതായി ഗ്രാന്‍ഡ്ക്രാഫ്റ്റ് കമ്പനി സിഇഒ ജോര്‍ജ് ജോസ് പറഞ്ഞു.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ വില്ലകളുടെ ത്രിമാന ഐക്കണ്‍ രൂപകല്‍പ്പന ചെയ്ത ശേഷം പദ്ധതിയുടെ സൗന്ദര്യാത്മക പ്രതിച്ഛായയെ തടസ്സപ്പെടുത്താതെ ആശയങ്ങളുടെയും രൂപകല്‍പ്പനയുടെയും അടിസ്ഥാനത്തിലാണ് നിര്‍മാണപ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ എല്ലാ സംവിധാനങ്ങളും നിര്‍മിച്ചു കഴിഞ്ഞു. ഇലക്ട്രോ മെക്കാനിക് പ്ലംബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം വില്ലകള്‍ കൈമാറും. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയാണ് ഇവയുടെ നിര്‍മാണം.
സ്ഫടിക തുല്യമായ വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ ദ്വീപില്‍ ദൈനം ദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് സ്വസ്ഥമായി താമസിക്കാന്‍ സാധിക്കുന്ന വിധമാണ് സംവിധാനമൊരുക്കുന്നത്. ജല കേളികള്‍ നടത്താനും വെള്ള മണല്‍ ബീച്ചില്‍ വിശ്രമിക്കാനും ഇവിടെ അവസരമുണ്ട്.സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാര്‍ ഭാഗത്ത് ചെങ്കടലിലെ ദ്വീപുകളിലൊന്നാണ് ശൈബാറ. 19.8 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് കരയില്‍ നിന്ന് 8.40 മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.