ജിദ്ദ:സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അമേരിക്കൻ കമ്പനികളിൽ 3552 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 53 അമേരിക്കൻ കമ്പനികളിൽ പി.ഐ.എഫ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം അമേരിക്കൻ കമ്പനികളിലെ പി.ഐ.എഫ് നിക്ഷേപങ്ങൾ 3094 കോടി ഡോളറായിരുന്നു. ആരോഗ്യം, ചില്ലറ വ്യാപാരം, ബാങ്കുകൾ, ഊർജം, ഗതാഗതം, ടൂറിസം, പശ്ചാത്തല സൗകര്യം, വിനോദം എന്നീ പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളിൽ പി.ഐ.എഫ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
പുനരുപയോഗ ഊർജം, ടെക്‌നോളജി, മൾട്ടിമീഡിയ, ഇ-ഗെയിം, ഓൺലൈൻ വ്യാപാരം, ഊബർ പോലുള്ള ഓൺലൈൻ ടാക്‌സികൾ എന്നീ മേഖലകളിൽ നിക്ഷേപങ്ങൾ നടത്താൻ പി.ഐ.എഫ് ഊന്നൽ നൽകുന്നു. വൈദ്യുതി കാർ നിർമാതാക്കളായ ലൂസിഡ് കമ്പനിയിലാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അമേരിക്കയിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയത്-890 കോടി ഡോളർ. അമേരിക്കയിൽ പി.ഐ.എഫ് നടത്തിയ നിക്ഷേപങ്ങളുടെ 25.1 ശതമാനം ലൂസിഡിൽ ആണ്. മൾട്ടിമീഡിയ, ഇ-ഗെയിം കമ്പനികളായ ആക്ടിവിഷൻ ബ്ലിസാർഡിൽ 320 കോടി ഡോളറും ഇലക്‌ട്രോണിക് ആർട്‌സിൽ 300 കോടി ഡോളറും പി.ഐ.എഫ് നിക്ഷേപിച്ചിട്ടുണ്ട്.
ഓൺലൈൻ ടാക്‌സി കമ്പനിയായ യൂബറിൽ 230 കോടി ഡോളറും എസ്.പി.ഡി.ആർ ഫണ്ടിൽ 220 കോടി ഡോളറും പി.ഐ.എഫ് നിക്ഷേപിച്ചിട്ടുണ്ട്. ഈ അഞ്ചു കമ്പനികളിലും കൂടി സൗദി ഫണ്ട് ആകെ 1970 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്. അമേരിക്കൻ വിപണികളിൽ പി.ഐ.എഫ് നടത്തിയ ആകെ നിക്ഷേപങ്ങളുടെ 55.4 ശതമാനവും ഈ അഞ്ചു കമ്പനികളിലുമാണ്.
ആറാം സ്ഥാനത്തുള്ള മൾട്ടിമീഡിയ, ഇ-ഗെയിം കമ്പനിയായ ടേക്ക്-ടു ഇന്റർആക്ടീവ് കമ്പനിയിൽ 140 കോടി ഡോളറും വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന ലൈവ് നേഷൻ എന്റർടെയിൻമെന്റ് കമ്പനിയിൽ 88 കോടി ഡോളറും ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന എയർ പ്രൊഡക്ട്‌സ് ആന്റ് കെമിക്കൽസിൽ 77.6 കോടി ഡോളറും മെറ്റ (ഫെയ്‌സ്ബുക്ക്) കമ്പനിയിൽ 69.1 കോടി ഡോളറും സ്റ്റാർബക്‌സ് കമ്പനിയിൽ 657 കോടി ഡോളറും ഈ വർഷം ആദ്യ പാദാവസാനത്തോടെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിച്ചിട്ടുണ്ട്. ഈ പത്തു കമ്പനികളിലും കൂടി ആകെ 2410 കോടി ഡോളറാണ് പി.ഐ.എഫ് നിക്ഷേപിച്ചത്. അമേരിക്കൻ വിപണികളിൽ സൗദി ഫണ്ട് നടത്തിയ നിക്ഷേപങ്ങളിൽ 67.7 ശതമാനവും ഈ പത്തു കമ്പനികളിലുമാണ്.