ജിദ്ദ:അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ അറബ് രാജ്യങ്ങളുമായി ഏകോപനം നടത്തുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന 32-ാമത് അറബ് ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന, സാമ്പത്തിക, സാമൂഹിക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ആഗോള വെല്ലുവിളികൾ നമ്മുടെ മേഖലയിൽ സുസ്ഥിര സാമ്പത്തിക മാതൃകകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സ്ഥിരീകരിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
സിറിയയുടെ പങ്കാളിത്തത്തോടെയാണ് അറബ് ഉച്ചകോടി സന്നാഹ യോഗം ജിദ്ദയിൽ ചേർന്നത്. സിറിയൻ സാമ്പത്തിക, വിദേശ വ്യാപാര മന്ത്രി റാനിയ അഹ്മദ് മുആവിന, അംബാസഡർ രിയാദ് അബ്ബാസ്, ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ അനസ് അൽബഖാഇ എന്നിവർ സിറിയൻ സംഘത്തിലുണ്ടായിരുന്നു. ഈ മാസം 19 ന് ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിച്ഛേദിച്ച സിറിയയുടെ അറബ് ലീഗ് അംഗത്വം പന്ത്രണ്ടു വർഷത്തെ ഇടവേളക്കു ശേഷം പത്തു ദിവസം മുമ്പാണ് പുനഃസ്ഥാപിച്ചത്.
ജിദ്ദ അറബ് ഉച്ചകോടിയിൽ സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറിയൻ മന്ത്രിസഭാ ഉപദേഷ്ടാവ് അബ്ദുൽഖാദിർ അസൂസ് പറഞ്ഞു. സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിൽ അറബ് രാജ്യങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാൻ സാധിക്കും. മേഖലാ രാജ്യങ്ങളിൽ സമാധാനവും സ്ഥിരതയുമുണ്ടാക്കാൻ അറബ് രാജ്യങ്ങൾ നടത്തുന്ന മുഴുവൻ ശ്രമങ്ങൾക്കുമൊപ്പം സിറിയ നിലയുറപ്പിക്കും. അറബ് രാജ്യങ്ങളുടെ പ്രശ്‌നങ്ങൾക്കും അറബ് ലോകത്തെ ഭിന്നതകൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിൽ അണുകേന്ദ്രങ്ങളെന്നോണമാണ് സിറിയയും സൗദി അറേബ്യയും ഈജിപ്തും നേരത്തെ പ്രവർത്തിച്ചിരുന്നത്.
സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെയും സൗദി, ഇറാൻ കരാറിലൂടെ സിറിയയിൽ സ്ഥിരതക്ക് പിന്തുണ നൽകുന്നതിനെയും സിറിയ വളരെ സംതൃപ്തിയോടെ കാണുന്നു. വിദേശ ഇടപെടലുകൾ കൂടാതെ സിറിയയിൽ ദേശീയ സംവാദം സജീവമാക്കാൻ സൗദി അറേബ്യക്ക് സാധിക്കും. സിറിയൻ അഭയാർഥികൾക്ക് സിറിയയിലേക്കുള്ള സുരക്ഷിത മടക്കത്തിന് സാഹചര്യമൊരുക്കുന്നതിലും സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിലും ഫലപ്രദമായ പങ്ക് വഹിക്കാനും സൗദി അറേബ്യക്ക് കഴിയുമെന്ന് അബ്ദുൽഖാദിർ അസൂസ് പറഞ്ഞു.