ദമാം: സഊദിയിലെ ഫാമിലി വിസിറ്റിംഗ് വിസക്കാർക്ക് നിന്ന് ബഹ്റൈനിൽ പോയി മടങ്ങാൻ കൂടുതൽ സൗകര്യമായി ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങി. ഇതോടെ, കുടുംബ സന്ദർശക വിസ പുതുക്കാനായി ബഹ്‌റൈനിൽ പോകാൻ കരുതുന്നവർക്ക് ഏറെ ആശ്വാസമായി. ഏതാനും ദിവസമായി സഊദിയിലെ ഫാമിലി വിസിറ്റിംഗ് വിസക്കാർക്കും ബഹ്‌റൈനിൽ ഓൺ അറൈവൽ വിസ ലഭിച്ചു തുടങ്ങിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽസ് ഏജൻസികൾ അറിയിച്ചു.
ഇതോടെ, സഊദിയിൽ നിലവിലുള്ള കുടുംബ സന്ദർശക വിസക്കാർക്ക് എളുപ്പത്തിൽ കോസ്‌വേ കടന്ന് ബഹ്‌റൈൻ അതിർത്തിയിൽ പോയി സഊദിയിലേക്ക് തന്നെ മടങ്ങി വരാനാകും. സഊദി അറേബ്യയിൽ നിന്ന് പുറത്ത് പോയി തിരിച്ചെത്തുന്നതിനാൽ ഇവർക്ക് ഇവരുടെ മൾട്ടി സന്ദർശക വിസ വീണ്ടും അടുത്തൊരു മൂന്ന് മാസത്തേക്ക് കൂടി ഓട്ടോമാറ്റിക് ആയി പുതുങ്ങുകയും ചെയ്യും. കോസ്‌വേയിൽ നിന്ന് ഓൺ അറൈവൽ വിസ ലഭിക്കാത്തതിനാൽ നേരത്തെ തന്നെ ബഹ്‌റൈൻ വിസ ലഭ്യമായതിനു ശേഷം ആയിരുന്നു കുടുംബങ്ങൾ ബഹ്‌റൈനിലേക്ക് യാത്ര ചെയ്തിരുന്നത്. എന്നാൽ, കോസ്‌വേയിൽ നിന്ന് സഊദിൽ നിന്ന് പോകുന്ന കുടുംബ സന്ദർശക വിസക്കാർക്കും ലഭിച്ചു തുടങ്ങിയതോടെ നിരവധി കുടുംബങ്ങൾ ഓൺ അറൈവൽ വിസ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ബഹ്‌റൈൻ നിബന്ധന പ്രകാരം നേരത്തെ തന്നെ ഈ സംവിധാനം നിലവിൽ ഉണ്ട്. എന്നാൽ, കോസ്‌വേ വഴി പോകുന്ന അവസരത്തിൽ ആദ്യം സഊദി ബോർഡർ കടക്കേണ്ടതിനാൽ, ഇവിടെ നിന്ന് ബഹ്‌റൈൻ വിസ കാണിക്കാതെ സഊദി ബോർഡർ കടത്തി വിടാതിരിക്കുന്നതായിരുന്നു മൾട്ടി കുടുംബ സന്ദർശക വിസക്കാർക്ക് ബഹ്‌റൈനിലെ ഓൺ അറൈവൽ സംവിധാനം ഉപയോഗപെടുത്താൻ സാധിക്കാതിരുനത്. ബഹ്‌റൈൻ വിസ കാണിച്ചാൽ മാത്രമായിരുന്നു സഊദിയിൽ നിന്ന് കടത്തി വിട്ടിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ സഊദിയിലെ മൾട്ടി സന്ദർശക വിസക്കാരെ ബഹ്‌റൈൻ വിസ കാണിക്കാതെ തന്നെ സഊദിയിൽ നിന്ന് കടക്കാൻ അനുവദിക്കുന്നതിനാൽ ബഹ്‌റൈൻ അതിർത്തി പോസ്റ്റിൽ ഇവർക്ക് ഓൺ അറൈവൽ വിസ ലഭിക്കുകയും പ്രവേശനം അനുവദിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥർ വെളിപ്പെടുത്തി.
എന്നാൽ, ഇത് എത്രകാലം ഇങ്ങനെ സഊദി എമിഗ്റേഷൻ അനുമതി നൽകുമെന്ന് വ്യക്തമല്ല. നിലവിൽ സഊദി അതിർത്തിയിൽ നിന്ന് എമിഗ്റേഷൻ വിഭാഗം കടത്തി വിടുന്നുണ്ടെന്നും ഇത് എത്രകാലം തുടരുമെന്ന് വ്യക്തമല്ലെന്നും ബഹ്‌റൈനിലെ ജേർണിസ് ട്രാവൽസ് സി ഇ ഒ ഷിനാജ് അബ്ദുൽ അസീസ് മലയാളം പ്രസ്സ് ഓൺലൈനിനോട് വ്യക്തമാക്കി. സഊദിയിലെ കുടുംബ സന്ദർശക വിസക്കാർക്ക് വിസ പുതുക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലേക്ക് പോകാനുള്ള മുഴുവൻ സൗകര്യങ്ങളും തങ്ങൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.