റിയാദ്:മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിപണനവും നിയമ ലംഘനങ്ങളും പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമാവലിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.
ഇതോടെ, സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നിയമ ലംഘനങ്ങൾക്ക് അരലക്ഷം റിയാൽ വരെ പിഴ
ഈടാക്കും.
ഇതനുസരിച്ച് സൗദി വിപണിയിൽ നിന്നു പിൻവലിക്കാൻ ആവശ്യപ്പെട്ടതോ നിരോധിച്ചതോ ആയ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ എക്യുപ്‌മെന്റുകളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് 30,000 റിയാൽ വരെ പിഴയുണ്ടായിരിക്കും. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ഉപകരണങ്ങൾ വിൽക്കുന്നതിന് 15,000 റിയാൽ പിഴയും താഴെ പറയുന്നവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ കൂടി ചേർക്കുന്നതായിരിക്കും.
1-180 ദിവസത്തിൽ കൂടാത്ത ദിവസം സ്ഥാപനം അടച്ചിടുകയോ ഒരു വർഷം വരെ സ്ഥാപനത്തിൽ വിൽപന നിരോധിക്കുകയോ ചെയ്യുക. 2. നിയമ ലംഘനം നടത്തിയ സ്ഥാപനത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിനു നൽകിയ ലൈസൻസ് കാൻസൽ ചെയ്യുകയോ നിയമ ലംഘകൻ 180 ദിവസത്തേക്ക് മെഡിക്കൽ ഉപകരണ വിൽപന മേഖലയിൽ പ്രവർത്തിക്കുന്നത് നിരോധിക്കുകയോ ചെയ്യുക.
മെഡിക്കൽ അനുബന്ധ ഉപകരണങ്ങൾ വിൽക്കാനുള്ള ലൈസൻസിന്റെ കാലാവധി തീർന്നതിനു ശേഷവും ഉപകരണങ്ങൾ വിൽപന നടത്തുക, ഇറക്കുമതിക്കുള്ള ലൈസൻസില്ലാതെ ഉപകരണങ്ങൾ കൊണ്ടുവരിക എന്നിവക്ക് 5000 റിയാൽ വരെ പിഴ ചുമത്തുന്നതും വിൽപനയനുവദിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റില്ലാതെയാണ് വിൽക്കുന്നതെങ്കിൽ പിഴ 8000 വരെ ഉയർത്തുകയുമാകാം.
സൗദി നിയമമനുശാസിക്കുന്ന ക്വാളിറ്റിയില്ലാത്ത അപകടകരങ്ങളായ ഉൽപന്നങ്ങൾ നിർമിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതിന് 35,000 റിയാൽ വരെ പിഴ ചുമത്താം.
ഉപയോഗ ശൂന്യമായതോ കേടു വന്നതോ ആയ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് അയ്യായിരം മുതൽ പതിനയ്യായിരം റിയാൽ വരെ പിഴയിടാം.
സ്ഥാപന ലൈസൻസ് നിയമ ലംഘനത്തിന് ആയിരം മുതൽ അമ്പതിനായിരം വരെ പിഴയീടാക്കുന്നതായിരിക്കും. മരുന്നുകൾ സൂക്ഷിക്കുന്നതിനും അയക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നതിന് അഞ്ഞൂറു മുതൽ അയ്യായിരം വരെ പിഴ ചുമത്താം. ഡ്രഗ് കൺട്രോളുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് അഞ്ഞൂറു മുതൽ അയ്യായിരം വരെ പിഴ ചുമത്താം. കൂടുതൽ നിയമ ലംഘനം അതോറിറ്റി കാണുന്നുവെങ്കിൽ ഇവക്കെല്ലാം ഒന്നോ അതിലധികമോ ശിക്ഷകൾ കൂടി ചേർത്ത് ഈടാക്കാവുന്നതാണ്.
മെഡിക്കൽ ടെസ്റ്റിനുപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരം മുതൽ ഇരുപത്തിയയ്യായിരം വരെ റിയാൽ പിഴയീടാക്കാവുന്നതാണ്.
മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ് നൽകുന്നവരുടെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങൾക്ക് 5000 മുതൽ മുപ്പതിനായിരം വരെ പിഴയീടാക്കാവുന്നതാണ്. ക്വാളിറ്റി ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ആയിരം മുതൽ അയ്യായിരം വരെ പിഴയീടാക്കാം. കൺസൾട്ടിംഗ് സർവീസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക്് ആയിരം മുതൽ പതിനായിരം വരെ പിഴ
ഈടാക്കാവുന്നതാണ്.
മെയിന്റനൻസുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ആയിരം മുതൽ പതിനായിരം വരെ റിയാൽ പിഴ ചുമത്താവുന്നതാണ്. പരസ്യവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് മൂവായിരം മുതൽ ഇരുപതിനായിരം വരെയും പൊതുനിയമ ലംഘനങ്ങൾക്ക് രണ്ടായിരം മുതൽ മുപ്പതിനായിരം വരെയും പിഴ ചുമത്താം. അതിനിടെ മരുന്നു ലഭ്യത നിയമം നിഷ്‌കർഷിക്കുന്ന നിയമാവലികൾ പാലിക്കാത്തിന് ഒരു മാസത്തിനിടെ 17 സ്ഥാപനങ്ങൾക്ക് സൗദി ഡ്രഗ് അതോറിറ്റി പിഴ ചുമത്തിയതായി അതോറിറ്റി വെളിപ്പെടുത്തി.