റിയാദ്: സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളികളെ എമിഗ്രേഷൻ വിഭാഗം തിരിച്ചയച്ചു. കൊച്ചിയിൽ നിന്ന് പുതിയ വിസയിൽ എത്തിയ രണ്ട് മലയാളികളെയാണ് സഊദിയിൽ ഇറങ്ങാൻ അനുവദിക്കാതെ കൊച്ചിയിലേക്ക് തന്നെ മടക്കി അയച്ചത്. സഊദിയിൽ ഇറങ്ങിയ ഇവരെ സഊദി എമിഗ്രേഷൻ വിഭാഗം ആണ് സഊദിയിലേക്ക് പ്രവേശനം അനുവദിക്കാതെ മടക്കി അയച്ചത്.
നേരത്തെ സഊദിയിൽ ഉണ്ടായിരുന്ന ഇരുവരും റീ എൻട്രി വിസയിൽ നാട്ടിൽ പോയതായിരുന്നു. ഇങ്ങനെ പോകുന്ന ആളുകൾ സഊദിയിലേക്ക് പുതിയ വിസയിൽ വരുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഇവർ പാലിക്കാത്തതിനെ തുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കൊച്ചിയിൽ നിന്ന് എയർ അറേബ്യ വിമാനം വഴി പുതിയ വിസയിൽ വന്ന ഇവരെ നിർഭാഗ്യവശാൽ എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും കഫീലിനെ വരുത്തുകയും ഇരുവരെയും നേരെ തർഹീലിലേക്ക് മാറ്റുകയായിരുന്നു. തർഹീലിൽ നിന്നും ഫോൺ വന്നതിനെ തുടർന്ന് സാമൂഹ്യപ്രവർത്തകൻ നടത്തിയ അന്വേഷണതിലാണ് കാര്യങ്ങൾ വ്യക്തമായത്.
കൊവിഡ് സമയത്ത് റീ എൻട്രി വിസയിൽ പോയി പിന്നീട് സഊദിയിലേക്ക് വരാൻ സാധിക്കാതിരുന്ന ഇരുവരും മറ്റൊരു സഊദി പൗരൻ നൽകിയ പുതിയ വിസയിലാണ് എത്തിയിരുന്നത്. എന്നാൽ രണ്ടുപേർക്കും പുതിയ വിസ ലഭിച്ചതോടെ, വ്യക്തമായി അന്വേഷിക്കാതെ ഇവർ വിസ സ്റ്റാമ്പ് ചെയ്തു കയറി വരികയായിരുന്നു. എന്നാൽ, റീ എൻട്രി വിസയിൽ പോയ ഇവർക്ക്, വീണ്ടും സഊദിയിലേക്ക് വരണമെങ്കിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇവർ പാലിക്കാത്തതാണ് ഇവർക്ക് വിനയായത്. സഊദിയിൽ ഇറങ്ങാൻ കഴിയാതെ വരുന്നതോടെ അതെ വിമാനത്തിൽ തന്നെ തിരിച്ചു അയക്കുകയാണ് പതിവ്. എന്നാൽ, ഇവരെ നാട്ടിലേക്ക് ഇതേ വിമാനത്തിൽ തന്നെ തിരിച്ചയക്കാൻ സാധിച്ചില്ല. തുടർന്ന് ശനിയാഴ്ചയുള്ള എയർ അറേബ്യ വിമാനത്തിൽ തിരിച്ചയക്കാനുള്ള നടപടികൾ കൈകൊള്ളുകയായിരുന്നു.
എന്നാൽ, തിരിച്ചു പോകാനുള്ള ടിക്കറ്റിന്റെ പണം നൽകിയാൽ മാത്രമേ അവർക്ക് കൊച്ചി എയർപോർട്ടിൽ നിന്ന് പാസ്പോർട്ട് നൽകുകയുള്ളുവെന്നതിനാൽ സാമൂഹ്യ പ്രവർത്തകൻ സ്പോൺസറെ ബന്ധപ്പെടുകയും സ്പോൺസർ തന്നെ പണമടച്ചു എയർലൈൻസിന് ടിക്കറ്റ് കോപ്പി നൽകുകയും ചെയ്തു. ഇവരുടെ സ്പോൺസർ ടിക്കറ്റിനായി 4000 റിയാൽ (ഏകദേശം എൺപതിനായിരം രൂപ) നൽകിയതോടെ ഈ പ്രതിസന്ധിക്കും പരിഹാരമായി. സ്പോൺസറുടെ ഉദാരമനസ്കത ഇവർക്ക് ആശ്വാസമായി.
റീ എൻട്രി വിസയിൽ നാട്ടിൽ ലീവിന് പോയി തിരിച്ചു വരാതിരുന്നാൽ റീ എൻട്രി വിസ കാലാവധി കഴിയുന്ന ദിവസം മുതൽ മൂന്ന് വർഷം പൂർത്തിയായാൽ മാത്രമേ പുതിയ വിസയിൽ സഊദിയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് ചട്ടം. എന്നാൽ, പലപ്പോഴും പല പ്രവാസികളും ഈ ദിവസം കൃത്യമായി പാലിക്കാതെ, സഊദിയിൽ നിന്ന് റീ എൻട്രിയിൽ പോയ സമയം കണക്കാക്കി വരുന്നത് മൂലം എമിഗ്രേഷനിൽ നിന്ന് മടക്കി അയക്കുന്നത് പതിവാണ്. അതെ സമയം, റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അതേ സ്പോൺസറുടെ അടുത്തേക്ക് എപ്പോൾ വേണമെങ്കിലും പുതിയ വിസയിൽ വരാവുന്നതാണ്.