റിയാദ്:കുത്സിത തന്ത്രത്തിലൂടെ സർക്കാർ ഭൂമി കൈയേറി വളച്ചുകെട്ടിയ രണ്ടു സൗദി സഹോദരങ്ങൾ അവസാനം ഇളിഭ്യരായി. ഏറെ വിസ്തൃതിയുള്ള സർക്കാർ ഭൂമി കൈയേറി വളച്ചുകെട്ടി സ്വന്തമാക്കിയ സഹോദരങ്ങൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനും അന്യാധീനപ്പെടാതിരിക്കാനും വേണ്ടി കുത്സിത തന്ത്രം പയറ്റുകയായിരുന്നു. കൈയേറി കൈക്കലാക്കിയ സ്ഥലത്ത് വ്യാജ ഖബർ സ്ഥാപിക്കുകയാണ് ഇരുവരും ചെയ്തത്.
ഇതിനു ശേഷം പഠനം പൂർത്തിയാക്കാനും ജോലിക്കും വേണ്ടി സഹോദരങ്ങൾ റിയാദിലേക്ക് പോയി. തങ്ങൾ കൈയേറി വളച്ചുകെട്ടി വ്യാജ ഖബർ സ്ഥാപിച്ച സ്ഥലം കാണാൻ മുപ്പതു വർഷത്തിനു ശേഷം ഇരുവരും തിരിച്ചെത്തിയപ്പോഴേക്കും സമീപത്ത് നാലു ഭാഗത്തും ജനവാസം ആരംഭിക്കുകയും പ്രദേശവാസികൾ ഈ സ്ഥലം ഖബർസ്ഥാൻ ആക്കി മാറ്റുകയുമായിരുന്നു. തിരിച്ചെത്തിയ സൗദി പൗരന്മാർക്ക് തങ്ങൾ വളച്ചുകെട്ടിയ സ്ഥലത്ത് 40 ഖബറുകൾ കാണാനായി.
മുപ്പതു വർഷം മുമ്പ് കൈയേറി വളച്ചുകെട്ടി സ്വന്തമാക്കാൻ ശ്രമിച്ച സ്ഥലം എന്നെന്നേക്കുമായി അന്യാധീനപ്പെട്ടത് ഇരുവരെയും ഞെട്ടിച്ചു. വ്യാജ ഖബർ സ്ഥാപിച്ചതിനാൽ സ്ഥലം മറ്റാരും ഒരിക്കലും കൈയേറില്ലെന്നും തങ്ങൾക്ക് നഷ്ടപ്പെടില്ലെന്നുമാണ് സഹോദരങ്ങൾ കരുതിയിരുന്നതെന്നും ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ സൗദി പൗരൻ അബൂറാകാൻ അൽശരീഫ് പറഞ്ഞു.