ജിദ്ദ: കൃത്രിമ മഴയുണ്ടാക്കുന്നതിനുള്ള പ്രാദേശിക ‘ക്ലൗഡ് സീഡിങ്’പ്രോഗ്രാമിനായി അഞ്ച് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രിയും ദേശീയ കാലാവസ്ഥ കേന്ദ്രം ചെയർമാനുമായ എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലിയാണ് കരാറിൽ ഒപ്പുവെച്ചത്. വിമാനങ്ങളിൽ നാലെണ്ണം ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾക്കും ഒന്ന് കാലാവസ്ഥ, ഗവേഷണത്തിനും പഠനത്തിനുമാണ്. ഓരോ വിമാനവും പുതിയതും എല്ലാ സാങ്കേതിക വിദ്യകളോടും കൂടിയതാണ്.ആന്തരിക ശേഷികൾ വികസിപ്പിക്കുക, അറിവ് കൈമാറുക, സ്വദേശിവൽക്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ക്ലൗഡ് സീഡിങ് വിമാനം വാങ്ങാനുള്ള പദ്ധതിയെന്ന് പരിസ്ഥിതി, ജല, കൃഷിമന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെ കവറേജിന്റെയും കാര്യക്ഷമതയുടെയും നിലവാരം ഉയർത്തുന്നതിനാണ്. എല്ലാ സാങ്കേതികവിദ്യകളും സജ്ജീകരിച്ച സ്വകാര്യ വിമാനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ചെലവ് ചുരുക്കലും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ് മൂന്നാംഘട്ടം പൂർത്തിയാക്കിയതായും നാലാംഘട്ടം ആരംഭിക്കാൻ തയാറെടുക്കുകയാണെന്നും കാലാവസ്ഥ വിഭാഗം സി.ഇ.ഒ ഡോ. അയ്‌മൻ ബിൻ സാലിം ഗുലാം പറഞ്ഞു. പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ 97 ശതമാനത്തിലധികം വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2022 ഏപ്രിൽ 27നാണ് ആരംഭിച്ചത്.
മഴയുടെ അളവ് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സുകൾ കണ്ടെത്തുക, ഹരിതപ്രദേശങ്ങൾ വർധിപ്പിക്കുക, സസ്യങ്ങൾ അധികരിപ്പിക്കുക, മരുഭൂവൽക്കരണത്തെ നേരിടുക, വരൾച്ച ലഘൂകരിക്കുക എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.