ജിദ്ദ:സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രതിവർഷം 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള രണ്ടിൽ കൂടുതലുമുള്ള വേലക്കാർക്ക് പ്രതിവർഷം 9,600 റിയാൽ തോതിൽ ലെവി ബാധകമാക്കാൻ ഒന്നര വർഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ലെവി കഴിഞ്ഞ വർഷം ശവ്വാൽ 21 മുതൽ നടപ്പാക്കി.
ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ആദ്യ വർഷത്തിനുള്ളിൽ റിക്രൂട്ട് ചെയ്ത, സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലുള്ള പുതിയ വേലക്കാർക്കും വിദേശികളുടെ സ്‌പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള പുതിയ ഗാർഹിക തൊഴിലാൡകൾക്കുമാണ് ആദ്യ ഘട്ടത്തിൽ ലെവി ബാധകമാക്കിയത്. ഇന്നലെ മുതൽ നിലവിൽ വന്ന രണ്ടാം ഘട്ടത്തിൽ സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശികളുടെ സ്‌പോൺസർഷിപ്പിലുള്ള രണ്ടിൽ കൂടുതലുമുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാക്കി.
വികലാംഗർ, മാറാരോഗികൾ, ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവരുടെ പരിചരണങ്ങൾക്ക് അടക്കം മിനിമം പരിധിയിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള മാനുഷിക കേസുകളിൽ വേലക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കും. ഇങ്ങിനെ ലെവിയിൽ നിന്ന് ഇളവ് നൽകേണ്ട കേസുകൾ പഠിക്കാൻ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക.