മക്ക:ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ബാധകമാക്കിയ കര്‍ശന വ്യവസ്ഥകള്‍ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കി. പുതിയ വ്യവസ്ഥകള്‍ 700 ഉംറ കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചിരുന്നു. പുതിയ ലൈസന്‍സുകള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ ഉംറ സര്‍വീസ് കമ്പനികള്‍ക്ക് അനുവദിച്ച സാവകാശം ശവ്വാല്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നേരത്തെ ശവ്വാല്‍ 20 വരെയാണ് ലൈസന്‍സ് അപേക്ഷക്ക് സമയം അനുവദിച്ചിരുന്നത്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഉംറ സര്‍വീസ് കമ്പനികള്‍ ഹജ്, ഉംറ മന്ത്രാലയത്തില്‍ നേരത്തെ കെട്ടിവെച്ച ഗാരണ്ടി തുകയായ 20 ലക്ഷം റിയാലില്‍ ഗാരണ്ടി പരിമിതപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചു. ബാങ്ക് ഗാരണ്ടി പണമായി കെട്ടിവെക്കുന്നതിനു പകരം ആഗ്രഹിക്കുന്ന കമ്പനികളെ ബാങ്കില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ചെക്ക് ബാങ്ക് ഗാരണ്ടിയായി സമര്‍പ്പിക്കാനും അനുവദിച്ചിട്ടുണ്ട്. മറ്റൊരു ഉംറ സര്‍വീസ് കമ്പനിയില്‍ പാര്‍ട്ണറാണെങ്കില്‍ കൂടി പുതിയ ഉംറ സര്‍വീസ് കമ്പനികള്‍ക്കുള്ള ലൈസന്‍സുകള്‍ നേടാന്‍ വ്യവസായികളെ അനുവദിച്ചിട്ടുണ്ട്.
പുതിയ ലൈസന്‍സുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും ദേശീയ ഹജ്, ഉംറ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മുഖവിലക്കെടുത്ത ഹജ്, ഉംറ മന്ത്രാലയത്തിന് നന്ദിയുണ്ടെന്ന് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ ബാദി പറഞ്ഞു. ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍വസാനുമായി ദേശീയ ഹജ്, ഉംറ കമ്മിറ്റി കൂടിക്കാഴ്ച നടത്തുകയും കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രാലയം അംഗീകരിക്കുകയുമായിരുന്നു.