ജിദ്ദ:സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം ആദ്യ പാദത്തിൽ 32 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കാൻ പുതുതായി 4093 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 3499 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളാണ് അനുവദിച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ അനുവദിച്ച കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ എണ്ണം 17 ശതമാനം തോതിൽ വർധിച്ചു. മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ 33,074 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്.
ഏറ്റവും കൂടുതൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 13,195 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 8605 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 5294 ഉം നാലാം സ്ഥാനത്തുള്ള മദീനയിൽ 1649 ഉം അഞ്ചാം സ്ഥാനത്തുള്ള അൽഖസീമിൽ 1107 ഉം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുണ്ട്. ഓൺലൈൻ വ്യാപാരം ശക്തിപ്പെടുത്തൽ ദേശീയ പരിവർത്തന പദ്ധതി ലക്ഷ്യങ്ങളിൽ ഒന്നാണ്. ലോകത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും വലിയ വളർച്ചയുള്ള പത്തു രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.