മക്കയിലെ ബത്ത ഖുറൈഷിൽ കാർ മോഷ്ടിക്കുകയും കാറുടമയുടെ ഭാര്യയെയും രണ്ടു കുട്ടികളെയും പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ സുരക്ഷാ സേന പിടികൂടി.
ഭാര്യയെയും രണ്ട് മക്കളെയും കാറിൽ ഇരുത്തി കാറുടമ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയ സമത്ത് സ്റ്റാർട്ടിങ്ങിൽ ആയിരുന്ന കാറുമായി മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
അക്രമി വാഹനത്തിൽ കയറിയപ്പോൾ ഭാര്യ കുട്ടികളുമായി പുറത്തേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മോഷ്ടാവ് കാർ മുന്നോട്ടെടുത്തിരുന്നു.
കുട്ടികൾ കാറിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും കാറിന്റെ ഡോറിൽ വസ്ത്രം കുടുങ്ങിയ സ്ത്രീയെ ഇയാൾ അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി.
ഗുരുതരമായി പരിക്കേറ്റ ഇവരെയും വീഴ്ച്ചയിൽ കൈക്ക് പരിക്കേറ്റ കുട്ടികളെയും അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അക്രമിയെ പിന്നീട് സുരക്ഷാ പട്രോളിംഗ് സംഘം പിടികൂടി.
മുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാർ സ്റ്റാർട്ടിങ്ങിൽ ഇട്ട് പുറത്തിറങ്ങരുതെന്ന് അധികൃതർ പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നു.