ദോഹ:അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനുള്ള പദ്ധതിയുമായി മുനിസിപ്പൽ അധികൃതർ രംഗത്ത്. ഓരോ വീടുകളിലേയും മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള മാലിന്യ പാത്രങ്ങൾ നൽകും. ട്രാഷ് കാനുകളുടെ വിതരണം ഈ വർഷം ജൂൺ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മരി മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി സുസ്ഥിരതയ്ക്കും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കും വിഭവങ്ങളുടെ പുനരുപയോഗം വർധിപ്പിക്കാനാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പരിപാടി
ലക്ഷ്യമിടുന്നത്. ചവറ്റുകുട്ടകളുടെ വിതരണം ആദ്യം ദോഹയിൽ ആരംഭിക്കുമെന്നും 2023 മുതൽ 2025 വരെ, അല്ലെങ്കിൽ പരമാവധി അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കുകയും മാലിന്യങ്ങൾ തരംതിരിച്ച ശേഷം സംസ്‌കരിക്കാൻ ആളുകളെ ബോധവത്കരിക്കുകയും തരംതിരിച്ച മാലിന്യം ശേഖരിക്കാൻ വാഹനങ്ങൾ നൽകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളിൽ രണ്ട് തരം ചവറ്റു കുട്ടകൾ നൽകും. ”ചാര നിറത്തിലുള്ള കണ്ടെയ്‌നർ ഭക്ഷ്യാവശിഷ്ടങ്ങൾക്കും (ജൈവ മാലിന്യങ്ങൾ) പുനരുപയോഗിക്കാവുന്ന വസ്തുക്കൾക്കുള്ള നീല പാത്രവുമാണ്. ചവറ്റു കുട്ടകൾ ആവശ്യാനുസരണം വ്യത്യസ്ത വലിപ്പത്തിലുള്ളതായിരിക്കും, അവ വീടുകൾക്ക് പുറത്ത് സ്ഥാപിക്കും.
പുനരുപയോഗിക്കാവുന്ന വസ്തുക്കളെ വേർതിരിക്കാൻ ആധുനിക ഉപകരണങ്ങളും റീസൈക്ലിംഗ് ഫാക്ടറികളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ആദ്യഘട്ടത്തിൽ, രണ്ട് കണ്ടെയ്നറുകൾ മാത്രമേ നൽകൂ. കാരണം മാലിന്യങ്ങൾ ശേഖരിക്കുന്ന കമ്പനികൾക്കും വീടുകളും കൈകാര്യം ചെയ്യാൻ എളുപ്പമാണ് -അൽ ഷമ്മരി പറഞ്ഞു.
പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി വകുപ്പ് ഒന്നിലധികം ഭാഷകളിൽ ബോധവൽക്കരണ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരുമായി ആശയവിനിമയം നടത്താനും ചവറ്റുകുട്ടകൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ബോധവത്കരിക്കാനും വകുപ്പിൽ നിന്നുള്ള ഒരു ടീമിനെ നിയോഗിക്കും -അദ്ദേഹം പറഞ്ഞു.
ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നത് സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ നിരവധി നേട്ടങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ നാഷണൽ വിഷൻ 2030 ന് ശേഷം, മുനിസിപ്പാലിറ്റി മന്ത്രാലയം ഉറവിടത്തിൽ മാലിന്യങ്ങൾ തരംതിരിക്കുന്നതിനുള്ള പരിപാടി പരിപൂർണമായ തോതിൽ നടത്തും. മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, സാമ്പത്തികവും സാമൂഹികവുമായ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മിലുള്ള ഐക്യവും സ്ഥിരതയും ഉറപ്പാക്കുന്ന തരത്തിൽ പരിസ്ഥിതി കൈകാര്യം ചെയ്യുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഭാവി തലമുറകൾക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുന്നതിന് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നൽകി സ്വകാര്യ മേഖലയെ പിന്തുണയ്ക്കുക എന്നിവയും പരിപാടിയുടെ ഭാഗമാണ് -മുഖ്ബിൽ മധൂർ അൽ ഷമ്മരി പറഞ്ഞു.