റിയാദ്:കോവിഡ് മഹാമാരിയെ നേരിട്ടതിൽ സൗദി അറേബ്യ കൈവരിച്ചത് അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച മാതൃകയായിരുന്നുവെന്നും സൗദി സമൂഹത്തിനൊപ്പം വിദേശികളും മുഖ്യ പങ്ക് വഹിച്ചുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രതിനിധീകരിക്കുന്ന നേതൃത്വത്തിന്റെ നിർദേശങ്ങൾക്കും നടപടികൾക്കും അനുസരിച്ച് എല്ലാവരും യോജിച്ച് പ്രവർത്തിച്ചു. പ്രതിരോധ വാക്‌സിനുകൾ സ്വീകരിക്കാനും ആരോഗ്യ ബോധവത്കരണം ഏറ്റെടുക്കാനും എല്ലാവരും സജ്ജരായി.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട അടിയന്തര ആരോഗ്യ സാഹചര്യം അവസാനിപ്പിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന.
രാജ്യാന്തര തലത്തിലും കോവിഡ് പ്രതിരോധത്തിൽ സൗദി അറേബ്യ പ്രധാനപങ്ക് വഹിച്ചു. മഹാമാരി ബാധിച്ച രാജ്യങ്ങളെ സഹായിക്കാൻ ജി20 രാജ്യങ്ങളോട് അന്നത്തെ ജി20 ഉച്ചകോടിയുടെ നേതൃത്വം വഹിച്ചിരുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അഭ്യർഥിച്ചു. പ്രതിസന്ധി കാലത്ത് ലോകാരോഗ്യ സംഘടനക്കും വിവിധ രാജ്യങ്ങൾക്കും സാമ്പത്തിക സഹായങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും നൽകാൻ സൗദി അറേബ്യ തയാറായി.
കോവിഡിനെ നേരിടുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും സ്വകാര്യ മേഖലക്ക് പരിപൂർണ പിന്തുണ നൽകി. ഇതിന് പബ്ലിക് ഹെൽത്ത് അതോറിറ്റി, നാഷണൽ ഹെൽത്ത് ലബോറട്ടറി, നാഷണൽ സെന്റർ ഫോർ ഹെൽത്ത് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവ സ്ഥാപിച്ചു. അന്താരാഷ്ട്ര തലത്തിൽ കോവിഡിനെ നേരിടുന്നതിൽ സൗദി അറേബ്യ മികച്ച മാതൃകയാവുകയും ചെയ്തു. സൗദി പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും നിയമ ലംഘകരായ താമസക്കാർക്കും സൗജന്യ ചികിത്സ നൽകി. ആശുപത്രികളുടെ സൗകര്യം വർധിപ്പിച്ചു. മരുന്നുകളും വാക്‌സിനുകളും ഉപകരണങ്ങളും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി.
ഡിജിറ്റൽ ഹെൽത്ത് സൊല്യൂഷൻ, വെർച്വൽ ചികിത്സ, ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയ വിവര സാങ്കേതിക പദ്ധതികളിലൂടെ കോവിഡിനെ പെട്ടെന്ന് നിയന്ത്രണത്തിലാക്കാൻ രാജ്യത്തിന് സാധിച്ചു. സൗദികൾക്കും വിദേശികൾക്കും മികച്ച സേവനം ഉറപ്പു വരുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചു. മുൻകരുതലും പ്രതിരോധ മാർഗങ്ങളും അനുബന്ധ പ്രോട്ടോകോളുകളും സജീവമാക്കിയതിലൂടെ പകർച്ചവ്യാധിയെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ നിയന്ത്രിക്കാൻ രാജ്യത്തെ പ്രാപ്തമാക്കി. ഇത് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് ജാഗ്രതയോടെ മടങ്ങാൻ പ്രാപ്തമാക്കുകയും ആഗോള തലത്തിൽ ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങൾ എന്ന നിലയിൽ വികസിത സ്ഥാനങ്ങൾ നേടുന്നതിന് സംഭാവന നൽകുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ രംഗത്ത് സൗദി അറേബ്യ പുതിയ പദ്ധതികൾ നടപ്പിലാക്കി ഏറെ മുന്നിലെത്തിയിരിക്കുന്നു. ആരോഗ്യ മേഖലയെ സമഗ്രവും ഫലപ്രദവും സംയോജിതവുമായ സംവിധാനമായി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സൗദികളും വിദേശികളും സന്ദർശകരുമടക്കം എല്ലാവരെയും സമ്പൂർണമായി ഉൾക്കൊള്ളുന്ന സംവിധാനമായി ഇത് മാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.