റിയാദ്: സഊദി പൗരന്മാരല്ലാത്ത മൂന്ന് വിഭാഗങ്ങൾക്കായി “അബ്ഷറിൽ” രജിസ്റ്റർ ചെയ്യുന്നതിനുള്ള നാല് ഘട്ടങ്ങൾ വ്യക്തമാക്കി സഊദി പാസ്സ്പോർട്ട് വിഭാഗം. ഗൾഫ് സഹകരണ കൗൺസിലിലെ പൗരന്മാർ, സിസ്റ്റത്തിൽ വിരലടയാളമുള്ള ആശ്രിതരായ താമസക്കാർ, സന്ദർശന വിസ കൈവശമുള്ള സന്ദർശകർ എന്നിവർക്ക് അബ്ഷിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത്.ആഭ്യന്തര മന്ത്രാലയത്തിന്റെ moi എന്ന പോർട്ടലിൽ പ്രവേശിച്ച് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് സെൽഫ് സർവീസ് മെഷീനുകൾ വഴിയോ സഊദി ബാങ്കുകൾ വഴിയോ ഈ സേവനം സജീവമാക്കിയും ഈ വിഭാഗം ആളുകൾക്ക് അബ്ഷിർ സേവനത്തിൽ രജിസ്റ്റർ ചെയ്യാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
സന്ദർശക വിസക്കാരും ഗൾഫ് പൗരന്മാരും പ്രവേശന നമ്പർ ഉപയോഗിച്ചാണ് അബ്ഷിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ പൂർത്തീകരിക്കേണ്ടത്. എന്നാൽ, സഊദി താമസക്കാരുടെ ആശ്രിതർക്ക് അവരുടെ റസിഡന്റ് ഐഡി നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും പ്ലാറ്റ്ഫോം അറിയിച്ചു.