ജിദ്ദ:മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും തീവ്രവാദികളെയും കുറിച്ച് എല്ലാവരും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ റമദാനില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സൗദി അറേബ്യക്കകത്തും പുറത്തും പങ്കാളിത്തം വഹിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇസ്‌ലാമികകാര്യ മന്ത്രി. ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ചും അപകീര്‍ത്തിപ്പെടുത്തിയും ദേശീയൈക്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന എല്ലാവരെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സൗദി രാഷ്ട്രം പൗരന്മാര്‍ക്ക് നല്‍കുന്ന കാര്യങ്ങള്‍ വിലകുറച്ചുകാണിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും ഒന്നുകില്‍ രോഗിയോ അനുകരണക്കാരനോ ദേഹേച്ഛക്കാരനോ തിരുത്തല്‍ ആവശ്യമുള്ള ചിന്താഗതിക്കാരനോ ആകും. ഇത്തരക്കാരെ കുറിച്ചും ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം.
തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയും, രാഷ്ട്രീയവും ലൗകികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും മാതൃരാജ്യത്ത് കലഹങ്ങള്‍ ആളിക്കത്തിക്കാനും മതത്തെ കൂട്ടുപിടിക്കുന്ന ഏതൊരാള്‍ക്കുമെതിരെയും ഇസ്‌ലാമികകാര്യ മന്ത്രാലയം ശക്തമായി നിലയുറപ്പിക്കും. ആളുകളെ ദ്രോഹിക്കാന്‍ വേണ്ടി ഇസ്‌ലാമിനെ ദുരുപയോഗിക്കുന്ന ആരെയും അംഗീകരിക്കില്ല. ഇസ്‌ലാമിന്റെ മിതവാദ തത്വങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന വലിയ പദ്ധതിയാണ് സൗദി അറേബ്യ നിര്‍വഹിക്കുന്നത്.
മയക്കുമരുന്ന് നിയമം മൂലം നിരോധിക്കുകയും വ്യവസ്ഥിതി കുറ്റകരമാക്കുകയും ചെയ്യുന്നു. സുബോധമുള്ള എല്ലാവരും ഇത് നിരാകരിക്കുന്നു. മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും പ്രചരിപ്പിക്കുന്നവരെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത് വളരെ അപകടകരമായ ഈ വിപത്തിനെ നേരിടാന്‍ എല്ലാവരും സഹകരിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ ശത്രുക്കളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.
യുവാക്കളെ നശിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. മയക്കുമരുന്നിന്റെ കെണിയില്‍ നിന്ന് യുവാക്കളെ രക്ഷിക്കാനും മയക്കുമരുന്ന് ചെറുക്കാനും എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം. രാജ്യരക്ഷയും യുവസമൂഹത്തെയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായി നിരീക്ഷിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.