ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തി. ക്യാഷ് പെയ്‌മെന്റുകൾക്കായി വാഹനങ്ങൾ നിർത്താതെ തന്നെ യാത്രക്കാർക്ക് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിക്കു കീഴിലെ ജിസ്ർ ആപ്പ് വഴി എളുപ്പത്തിലും സുഗമമായും പണമടക്കാനും ഇരുവശത്തെയും ടോൾ ഗെയ്റ്റുകളിലൂടെ കടന്നുപോകാനും അവസരമൊരുക്കുന്ന സംയോജിത ഡിജിറ്റൽ പരിഹാരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നമ്പർ പ്ലേറ്റുകൾ വഴി വാഹനങ്ങൾ തിരിച്ചറിയുന്ന സാങ്കേതികവിദ്യയും പുതിയ സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. ജിസ്ർ ആപ്പ് വഴി ആക്ടിവേറ്റ് ചെയ്ത സംവിധാനത്തിലൂടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുകയും ഡിജിറ്റൽ വാലറ്റിലൂടെ ടോൾ അടക്കുന്ന വാഹനങ്ങൾ മനുഷ്യ ഇടപെടൽ കൂടാതെ ടോൾ ഗെയ്റ്റിലൂടെ കടന്നുപോകാൻ അനുവദിക്കുകയുമാണ് ചെയ്യുക. യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ ഇത് സഹായിക്കും.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പുകൾ ഉപയോഗിച്ചുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സേവനവും ഇലക്‌ട്രോണിക് പെയ്‌മെന്റ് സേവനങ്ങളിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലാണ് ചിപ്പ് സ്ഥാപിക്കുക. ഗെയ്റ്റിൽ എത്തുമ്പോൾ വാഹനം ഓട്ടോമാറ്റിക് ആയി തിരിച്ചറിയുകയും തുടർന്ന് വാഹനം കടത്തിവിടുകയും ചെയ്യും. പതിവ് യാത്രക്കാർക്ക് ഡിജിറ്റൽ വാലറ്റ് വഴി റീ-ചാർജ് ചെയ്യുന്ന ക്യു.ആർ കോഡ് ഉപയോഗിച്ചുള്ള പെയ്‌മെന്റ് സേവനവും ആപ്ലിക്കേഷൻ നൽകുന്നു. ഇവക്കു പുറമെ, ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലാതെ സന്ദർശകൻ എന്നോണം ആപ്പിന്റെ പ്രധാന പേജ് ഉപയോഗിച്ച് ഇ-വാലറ്റ് പൂരിപ്പിച്ച് ടോൾ ഗെയ്റ്റിലൂടെ ഒറ്റത്തവണ കടന്നുപോകാൻ സാധിക്കുന്ന യുസ്ർ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും സുഗമമാക്കുകയും ചെയ്യുന്ന നിലയിൽ പെയ്‌മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇ-പെയ്‌മെന്റ് സേവനങ്ങൾ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകൾക്ക് ഉത്തേജകമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ അതിയായി ആഗ്രഹിക്കുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി പറഞ്ഞു.