ജിദ്ദ:യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ ചർച്ചകൾ നടത്തുന്നു. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആലോചനയുള്ളതായി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ടൂറിസം മന്ത്രാലയ, അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷാവസാനം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ പരീക്ഷണമായിരുന്നു. വിനോദ സഞ്ചാരികളെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന സമാനമായ, കൂടുതൽ സുസ്ഥിരമായ യാത്രാ നയങ്ങളെ കുറിച്ച ചർച്ചകൾക്ക് ഇത് കാരണമായി.