റിയാദ്:അടുത്ത വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് അറബ് ആസ്‌ട്രോണമിക് സമിതി അംഗം മുൽഹിം അൽ ഹിന്ദി പറഞ്ഞു. സാധാരണ ഗതിയിൽ സൂര്യഗ്രഹണമുണ്ടായി ഏറെ വൈകാതെ തന്നെ ചന്ദ്രഗ്രഹണവുമുണ്ടാകും. ഏപ്രിൽ ഇരുപതിന് ഓസ്‌ട്രേലിയയിലും തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ദ്യശ്യമായ സൂര്യഗ്രഹണമുണ്ടായിരുന്നെങ്കിലും അറബ് രാജ്യങ്ങളിലൊന്നും ഗ്രഹണം ദൃശ്യമായിരുന്നില്ല. സൂര്യപ്രകാശം ചന്ദ്രനിൽ പതിയാതെ പരിപൂർണമായി ഭൂമി തടയുന്നതാണ് സമ്പൂർണ ചന്ദ്രഗ്രഹണങ്ങൾ. ചന്ദ്രൻ ഭാഗികമായി ഭൂമിയുടെ നിഴലിൽ വരുമ്പോൾ ഭാഗിക ചന്ദ്രഗ ഗ്രഹണവും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നില്ലെങ്കിലും സൂര്യപ്രകാശത്തിന്റെ പത്തുശതമാനമെങ്കിലും മറക്കുക വഴി മങ്ങിയ പ്രകാശം മാത്രം പ്രതിഫലിക്കുകയായിരിക്കും അർധ നിഴൽ ചന്ദ്രഗ്രഹണത്തിലുണ്ടായിരിക്കുക. മെയ് 5 ന് വൈകിട്ട് 6.14 മുതൽ 10.31 വരെ നാലുമണിക്കൂറും 17 മിനിറ്റുമായിരിക്കും ഗ്രഹണ ദൈർഘ്യം. 8.24 ന് ഗ്രഹണം അതിന്റെ പാരമ്യതയിലെത്തുമെന്നും മുൽഹിം അൽ ഹിന്ദി വിശദീകരിച്ചു.