ജിദ്ദ:സൗദിയിൽ കോഴിയിറച്ചി ഉൽപാദന മേഖലയിൽ സ്വയംപര്യാപ്തത 68 ശതമാനമായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ അഹ്മദ് അൽഇയാദ വെളിപ്പെടുത്തി. 2030 ഓടെ ഈ മേഖലയിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിമുട്ട ഉൽപാദന രംഗത്ത് സ്വയംപര്യാപ്തത 126 ശതമാനമായിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽഇയാദ പറഞ്ഞു.
കഴിഞ്ഞ വർഷം സൗദിയിൽ പത്തു ലക്ഷത്തിലേറെ ടൺ കോഴിയിറച്ചി ഉൽപാദിപ്പിച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിലെ ദേശീയ പൗൾട്രി ഫാം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അൽബലവി പറഞ്ഞു. രാജ്യത്തെ പൗൾട്രി കമ്പനികൾ വൈകാതെ പ്രതിവർഷ കോഴിയിറച്ചി ഉൽപാദനത്തിൽ ആറു ലക്ഷം ടണ്ണിന്റെ വർധനവ് വരുത്തും. ഇതോടെ ഈ മേഖലയിലെ സ്വയംപര്യാപ്ത 90 ശതമാനത്തിലേറെയായി ഉയരും. കോഴിയിറച്ചി ഉൽപാദനം വർധിപ്പിക്കാൻ കമ്പനികൾ 1,300 കോടിയിലേറെ റിയാലിന്റെ പുതിയ നിക്ഷേപങ്ങൾ നടത്തും.
കോഴിയിറച്ചി മേഖലയിൽ 457 പൗൾട്രി ഫാം പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. സൗദിയിലെ ഫാമുകൾ പ്രതിവർഷം 1.9 കോടി കാർട്ടൺ കോഴിമുട്ട ഉൽപാദിപ്പിക്കുന്നു. പൗൾട്രി മേഖല 14,000 ലേറെ തൊഴിലവസരങ്ങൾ നൽകുന്നു. കോഴിയിറച്ചി ഇറക്കുമതി മേഖലയിൽ വാണിജ്യ കമ്മിയിൽ പ്രതിവർഷം 400 കോടി റിയാലിന്റെ കുറവ് വരുത്താനും രാജ്യത്തെ പൗൾട്രി പദ്ധതികൾ സഹായിക്കുന്നതായി മുഹമ്മദ് അൽബലവി പറഞ്ഞു.
അതിനിടെ, രണ്ടാമത് മിഡിൽ ഈസ്റ്റ് പൗൾട്രി എക്സിബിഷൻ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടക്കുന്ന എക്സിബിഷൻ ഇന്ന് അവസാനിക്കും. 37 രാജ്യങ്ങളിൽ നിന്നുള്ള 200 ലേറെ കമ്പനികൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കോഴിവളർത്തൽ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളും കണ്ടുപിടുത്തങ്ങളും ലോകത്തെ മുൻനിര വൻകിട കമ്പനികൾ എക്സിബിഷനിൽ പരിചയപ്പെടുത്തും. പൗൾട്രി വ്യവസായ മേഖലയിലെ വിതരണ ശൃംഖലകളിൽ വരുന്ന 500 ലേറെ ഉൽപന്നങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.