*ജിദ്ദ* : സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളിക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ ബാധിച്ചേക്കും. സാധാരണ ഗതിയിൽ ഒരു കഫീലിന് കീഴിൽ നാലിലധികം വീട്ടുജോലിക്കാരുള്ളവരെ മാത്രമേ ലെവി ബാധിക്കൂ. അതായത് ഒരു സൗദി കുടുംബത്തിന് നാലു ഗാർഹിക ജോലിക്കാരെ വരെ ലെവി ഇല്ലാതെ നിയോഗിക്കാം. ഇവർക്ക് ലെവി ബാധകമാകില്ല. അതേസമയം നാലിലധികം വീട്ടു ജോലിക്കാർ ഒരുകഫീലിന് ഉണ്ടെങ്കിൽ നാലിൽ അധികം വരുന്ന ഓരോ ജോലിക്കാരനും 9600 റിയാൽ വാർഷിക ഫീസായി അടക്കേണ്ടി വരും. ഈ തുക കഫീൽ തന്നെയാണ് അടക്കേണ്ടത്. എന്നാൽ വൈദ്യസഹായം അടക്കം ആവശ്യമുള്ള കുടുംബം ആണെങ്കിൽ ലെവിയിൽ ഇളവ് നൽകും. ഇതിനായി പ്രത്യേക സമിതിക്ക് മുന്നിലാണ് അപേക്ഷ നൽകേണ്ടത്. ഹൗസ് ഡ്രൈവർമാർ അടക്കം നാലിലധികം ഗാർഹിക തൊഴിലാളികളുള്ള കുടുംബത്തിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ നിലവിൽ ലെവി ചുമത്തൽ ബാധ്യതയാകൂവെന്ന് ചുരുക്കം. അതേസമയം, ഗാര്‍ഹിക തൊഴിലാളി വിസയിൽ എത്തി മറ്റു ജോലികൾ ചെയ്യുന്ന നിരവധി പേർക്ക് ലെവി പ്രതിസന്ധിയാകും. ഇതേവരെ ഒരു കഫീലിന് എത്രവേണമെങ്കിലും ഗാർഹിക തൊഴിലാളികളെ നിയമിക്കാമായിരുന്നു. ഇതിന്റെ ഇളവിൽ നിരവധി പേരാണ് ഹൗസ് ഡ്രൈവർ വിസയിൽ എത്തി മറ്റു ജോലികൾ ചെയ്യുന്നത്. ഇവർക്ക് ലെവി ഉണ്ടായിരുന്നില്ല. പുതിയ തീരുമാനം അനുസരിച്ച് ഇത്തരം ആളുകളും ലെവി അടക്കേണ്ടി വരും. എന്നാൽ ഇവരുടെ നിലവിലുള്ള പ്രൊഫഷന് മാറ്റമുണ്ടാകില്ല. ഒരു കഫീലിന് എത്ര ഗാർഹിക തൊഴിലാളികളെയും നിയമിക്കാനുള്ള അനുമതി ഇപ്പോഴും നിലവിലുണ്ട്. പ്രവാസി തൊഴിലുടമകൾക്ക് രണ്ടു ഗാർഹിക തൊഴിലാളികളെ മാത്രമാണ് ലെവി ഇല്ലാതെ നിയമിക്കാനാകൂവെന്നും പുതിയ തീരുമാനം വ്യവസ്ഥ ചെയ്യുന്നു.