റിയാദ് – സൗദിയില്‍ ഹൗസ് ഡ്രൈവർമാരടക്കം നാലിൽ കൂടുതൽ വീട്ടുജോലിക്കാരുള്ളവർക്കും ലെവി ചുമത്താനുള്ള തീരുമാനം പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വർഷം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം എടുത്ത തീരുമാനമാണ് പ്രാബല്യത്തിൽ വരുന്നത്. സൗദി തൊഴിലുടമകൾ ഓരോ വീട്ടുജോലിക്കാരനും അവരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9600 റിയാൽ വാർഷിക ഫീസ് നൽകേണ്ടിവരും. അതേസമയം പ്രവാസി തൊഴിലുടമകൾ രണ്ടിലേറെ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ലെവി നൽകണം. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യ ഘട്ടം 2022 മെയ് 22 മുതൽ (ശവ്വാൽ 21, 1443) പ്രാബല്യത്തിൽ വന്നു. രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ (ശവ്വാൽ 21, 1444) പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്. രണ്ടാം ഘട്ടമാണ് ഇപ്പോൾ നിലവിൽ വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ചിലര്‍ക്ക് ലെവി അടക്കണമെന്ന നിര്‍ദ്ദേശം വന്നു.
*ഗൾഫ് മലയാളംന്യൂസ് ഗ്രൂപ്പിൽ അംഗമാകാം?*
https://chat.whatsapp.com/JriY9RZWp8aFSfYeP3EMBW
സൗദി തൊഴിലുടമ അഞ്ചാമത്തെ ഗാർഹിക തൊഴിലാളിയെ നിയമിച്ചാൽ വാർഷിക ഫീസായി ലെവി നൽകേണ്ടി വരുമെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ലെവിയിൽ ഇളവ് ലഭിക്കും. ഉദാഹരണത്തിന്, ഒരു കുടുംബാംഗത്തിന് വൈദ്യസഹായം നൽകുന്നതിനോ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ പരിചരിക്കുന്നതിനോ വേണ്ടി നിയമിച്ചിരിക്കുന്ന തൊഴിലാളികളെ, അതിനായി രൂപീകരിച്ച കമ്മിറ്റി ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ലെവിയിൽ നിന്ന് ഒഴിവാക്കും. പുതിയ ലെവി സൗദിയിൽ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ ബാധകമാകൂ എന്നാണ് വിവരം. ഇക്കാര്യം നേരത്തെ തന്നെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നാലിലേറെ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ളവര്‍ ചുരുക്കമാണ്.
അതേസമയം, ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് പ്രത്യേക പരിധിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിലുടമകളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഒന്നിലേറെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റോഫമിൽ പുതുതായി ഉൾപ്പെടുത്തിയ പ്രൊഫഷനുകളിൽ തങ്ങൾക്ക് അനുയോജ്യമായ പ്രൊഫഷനുകൾ തെരഞ്ഞെടുത്ത് സ്വദേശികൾക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്.