ജിദ്ദ:സൗദിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ജാമ്യം ലഭിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച് കുടുങ്ങുന്നവരെ ഇനി മുതൽ ജാമ്യത്തിൽ വിടില്ലെന്ന് നിയമ വിദഗ്ധൻ ബന്ദർ അൽ മഗാമിസ് പറഞ്ഞു. നേരത്തെ മയക്കുമരുന്ന് സേവകരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഒരു ലഹരി ഗുളികയുമായാണ് പിടിയിലാകുന്നതെങ്കിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ജാമ്യത്തിൽ വിടുന്നത് ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ വിലക്കുന്നു. ഇത്തരക്കാരെ അറസ്റ്റ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റുകയാണ് ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ രഹസ്യമായി ചികിത്സിക്കുകയാണ് വേണ്ടതെന്നും ബന്ദർ അൽ മഗാമിസ് പറഞ്ഞു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ലക്ഷ്യമിട്ട് ശവ്വാൽ ഒന്നു മുതൽ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾ ശക്തമായ റെയ്ഡുകൾ ആരംഭിച്ചിട്ടുണ്ടെന്ന് സൗദി അഭിഭാഷകൻ ഗാലിബ് അൽശരീഫ് പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ ജാമ്യം വിലക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടാനും തീരുമാനമുണ്ട്. മയക്കുമരുന്ന് കേസ് പ്രതികളെ ആറു മാസത്തേക്ക് ജയിലുകളിലടക്കുകയും ചെയ്യും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ഇസ്തിറാഹകളും മറ്റു സ്ഥലങ്ങളും റെയ്ഡ് ചെയ്യാൻ അനുമതി നൽകുന്നതിന് പബ്ലിക് പ്രോസിക്യൂഷനിൽ പ്രത്യേക കൺട്രോൾ റൂം തുറക്കും.
മയക്കുമരുന്ന് കേസുകളിൽ പങ്കുള്ളതായി തെളിയുന്ന ഏതു സർക്കാർ ഉദ്യോഗസ്ഥനെയും പിരിച്ചുവിടുമെന്നും ഗാലിബ് അൽശരീഫ് പറഞ്ഞു.