ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്‌സ് ആണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഉയർന്ന തുക ലാഭവിഹിതമായി വിതരണം ചെയ്ത പത്തു കമ്പനികൾ ഓഹരിയൊന്നിന് 4.25 റിയാൽ മുതൽ 12.25 റിയാൽ വരെയാണ് വിതരണം ചെയ്തത്. ഈ പത്തു കമ്പനികളും കൂടി ആകെ 2340 കോടി റിയാൽ ഓഹരിയുടമകൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി വിതരണം ചെയ്തു.
അൽഉഥൈം മാർക്കറ്റ്‌സ് ഓഹരിയൊന്നിന് 12.25 റിയാൽ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്തത്. കഴിഞ്ഞ കൊല്ലത്തെ ലാഭവിഹിതമായി ആകെ 110 കോടി റിയാലാണ് അൽഉഥൈം മാർക്കറ്റ്‌സ് ഓഹരിയുടമകൾക്ക് വിതരണം ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള സാബിക് അഗ്രിന്യൂട്രിയന്റ്‌സ് ഓഹരിയൊന്നിന് 12 റിയാൽ തോതിൽ ലാഭവിഹിതം വിതരണം ചെയ്തു. സാബിക് അഗ്രിന്യൂട്രിയന്റ്‌സിന്റെ ചരിത്രത്തിൽ കമ്പനി വിതരണം ചെയ്യുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. കഴിഞ്ഞ കൊല്ലത്തെ ലാഭവിഹിതമായി കമ്പനി ആകെ 570 കോടി റിയാലാണ് ഓഹരിയുടമകൾക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം കമ്പനി 1004 കോടി റിയാൽ ലാഭം നേടിയിരുന്നു. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ലാഭം 92 ശതമാനം തോതിൽ വർധിച്ചു. ഷെയർ ഒന്നിന് 21.1 റിയാൽ തോതിലാണ് കമ്പനി ലാഭം നേടിയത്. കഴിഞ്ഞ കൊല്ലം സാബിക് അഗ്രിന്യൂട്രിയന്റ്‌സ് കൈവരിച്ച ലാഭത്തിന്റെ 57 ശതമാനം കമ്പനി ഓഹരിയുടമകൾക്കിടയിൽ വിതരണം ചെയ്തു.
മൂന്നാം സ്ഥാനത്തുള്ള ജരീർ കമ്പനി ഓഹരിയുടമകൾക്ക് ഷെയർ ഒന്നിന് 7.95 റിയാൽ തോതിൽ വിതരണം ചെയ്തു. ജരീർ കമ്പനി ആകെ 95.4 കോടി റിയാലാണ് ഓഹരിയുടമകൾക്ക് കഴിഞ്ഞ കൊല്ലത്തെ ലാഭവിഹിതമായി വിതരണം ചെയ്തത്. കഴിഞ്ഞ വർഷം കമ്പനി ആകെ 97 കോടി റിയാലാണ് ലാഭം നേടിയത്. ഇതിന്റെ 98.4 ശതമാനവും ഓഹരിയുടമകൾക്ക് കമ്പനി വിതരണം ചെയ്തു. കഴിഞ്ഞ വർഷം ലാഭം നേരിയ തോതിൽ കുറഞ്ഞിട്ടും ലാഭവിഹിത വിതരണം കമ്പനി വർധിപ്പിച്ചു.
നാലാം സ്ഥാനത്തുള്ള സഡാഫ്‌കോ കമ്പനി ഓഹരിയൊന്നിന് ആറു റിയാൽ തോതിലും അഞ്ചാം സ്ഥാനത്തുള്ള അൽനഹ്ദി ഓഹരിയൊന്നിന് 5.31 റിയാൽ തോതിലും ലൂബ്രെഫ് കമ്പനി ഓഹരിയൊന്നിന് അഞ്ചു റിയാൽ തോതിലും ലാഭവിഹിതമായി വിതരണം ചെയ്തു. റിതാൽ അർബൻ ഡെവലപ്‌മെന്റ് കമ്പനിയും സൊല്യൂഷൻസ് കമ്പനിയും ഇൽമ് കമ്പനിയും ഓഹരിയുടമകൾക്ക് ലാഭവിഹിതമായി ഷെയർ ഒന്നിന് അഞ്ചു റിയാൽ തോതിൽ വിതരണം ചെയ്തു.
പത്താം സ്ഥാനത്തുള്ള സാബിക് ഓഹരിയൊന്നിന് 4.25 റിയാൽ തോതിലാണ് ലാഭവിഹിതം വിതരണം ചെയ്തത്. കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി കമ്പനി ആകെ 1275 കോടി റിയാലാണ് വിതരണം ചെയ്തത്. സാബിക് കഴിഞ്ഞ വർഷം നേടിയ ആകെ ലാഭത്തിന്റെ 77.1 ശതമാനവും ഓഹരിയുടമകൾക്കിടയിൽ വിതരണം ചെയ്തു.