ജിദ്ദ:സൗദി, അമേരിക്കൻ മധ്യസ്ഥതയിൽ നടത്തിയ ശ്രമങ്ങൾ മാനിച്ച് 72 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ തീരുമാനിച്ചതായി സുഡാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. മാനുഷിക ശ്രമങ്ങൾ സുഗമമാക്കുന്നതിന് യു.എസ് മധ്യസ്ഥതക്കു ശേഷം വെടിനിർത്തലിന് സമ്മതിച്ചതായി പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും പറഞ്ഞു. പത്തു ദിവസം നീണ്ട രൂക്ഷമായ പോരാട്ടത്തിനു ശേഷം ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് വെടിനിർത്താൻ സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും സമ്മതിച്ചതായി അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
കഴിഞ്ഞ 28 മണിക്കൂറിനിടെ നടത്തിയ ഊർജിതമായ മധ്യസ്ഥ ചർച്ചകളിലൂടെയാണ് തിങ്കളാഴ്ച അർധ രാത്രി മുതൽ 72 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ സുഡാൻ സൈന്യവും ആർ.എസ്.എഫും സമ്മതിച്ചതെന്ന് ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു. സുഡാനിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച ചർച്ചകൾക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ പങ്കാളികളുമായി ചേർന്ന് അമേരിക്ക ശ്രമിച്ചുവരികയാണെന്നും യു.എസ് വിദേശ മന്ത്രി പറഞ്ഞു.