ജിദ്ദ:സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ച ശേഷം ഇതുവരെ 26 രാജ്യങ്ങളിൽ നിന്നുള്ള 356 പേരെ സൗദി അറേബ്യ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 101 പേർ സൗദി പൗരന്മാരാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സ്വന്തം പൗരന്മാരെയും മറ്റു സഹോദര, സൗഹൃദ രാജ്യങ്ങളുടെ പൗരന്മാരെയും സുഡാനിൽ നിന്ന് ഒഴിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായി 10 സൗദി പൗരന്മാരെയും മറ്റു രാജ്യങ്ങൡ നിന്നുള്ള 189 പേരെയും സുഡാനിൽ നിന്ന് ഒഴിപ്പിച്ച് തിങ്കളാഴ്ച രാത്രി ജിദ്ദയിലെത്തിച്ചു.
അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ, ഇറ്റലി, ഖത്തർ, സിറിയ, നെദർലാന്റ്‌സ്, തുർക്കി, ടാൻസാനിയ, ലെബനോൻ, ലിബിയ എന്നീ രാജ്യക്കാരെയാണ് സൗദി നാവികസേനാ കപ്പലിൽ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ചത്. പൂച്ചെണ്ടുകളും ചോക്കലേറ്റും വിതരണം ചെയ്ത് ഇവരെ ജിദ്ദയിൽ സൗദി സൈനികർ സ്വീകരിച്ചു. സുഡാനിൽ നിന്ന് ഒഴിപ്പിച്ചവരുമായി ജിദ്ദയിലെത്തിയ അഞ്ചാമത്തെ നാവികസേനാ കപ്പലാണിത്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച വിദേശ രാജ്യങ്ങളുടെ പൗരന്മാരുടെ മുഴുവൻ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
തങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചതിന് സൗദി ഭരണാധികാരികൾക്കും സൈന്യത്തിനും വിവിധ രാജ്യങ്ങളുടെ പൗരന്മാർ നന്ദി പറഞ്ഞു. സൗദി അധികൃതരുടെ ഭാഗത്തു നിന്ന് എല്ലാവിധ സഹായങ്ങളും പിന്തുണകളും ലഭിച്ചതായും ഇവർ പറഞ്ഞു. ജിദ്ദയിൽ സുരക്ഷിതരായി എത്തിയതിൽ ഇവർ ആഹ്ലാദം പ്രകടിപ്പിച്ചു.
സുഡാനിൽ നിന്ന് ഒഴിപ്പിച്ച 29 ദക്ഷിണ കൊറിയക്കാരെ വഹിച്ച പ്രത്യേക വിമാനം ജിദ്ദ കിംഗ് അബ്ദുല്ല വ്യോമതാവളത്തിൽ എത്തി. ഖാർത്തൂമിലെ കൊറിയൻ അംബാസഡറും ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരും ഒഴിപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്. സൗദിയിലെ കൊറിയൻ അംബാസഡർ ജോൺ യോംഗ് പാർക്ക്, മക്ക പ്രവശ്യ വിദേശ മന്ത്രാലയ ശാഖാ മേധാവി മാസിൻ ബിൻ ഹമദ് അൽഹംലി, വെസ്റ്റേൻ റീജ്യൻ കമാണ്ടർ, മേജർ ജനറൽ അഹ്മദ് അൽദബീസ്, കിംഗ് അബ്ദുല്ല എയർബേസ് കമാണ്ടർ, മേജർ ജനറൽ അബ്ദുല്ല അൽസഹ്‌റാനി എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. കൊറിയക്കാരുടെ ഒഴിപ്പിക്കലിന് സൗദി സർക്കാർ നൽകിയ സഹായങ്ങൾക്ക് കൊറിയൻ പ്രസിഡൻഷ്യൽ ഓഫീസിനെ പ്രതിനിധീകരിച്ച് കൊറിയൻ അംബാസഡർ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു.
വ്യത്യസ്ത തലങ്ങളിൽ സൗദി അറേബ്യയുടെ മാനുഷിക ശ്രമങ്ങളെയും സൗഹൃദ രാജ്യങ്ങൾക്ക് സഹായവും പിന്തുണയും നൽകാനുള്ള വ്യഗ്രതയെയും കൊറിയൻ അംബാസഡർ പ്രശംസിച്ചു. കൊറിയൻ നയതന്ത്ര സംഘത്തിന് സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കിയതിനും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് അംബാസഡർ നന്ദി പറഞ്ഞു.
സൗദി അറേബ്യയുടെ സഹായം തേടിയ രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ തുടരുമെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. സൗഹൃദ, സഹോദര രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുരക്ഷിത പാതകൾ ലഭ്യമാക്കാൻ സുഡാൻ അധികൃതരുമായി സൗദി അറേബ്യ നേരിട്ട് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.