മുംബൈ: മെയ് 1 മുതൽ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ഏജൻസികൾ വഴി സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കി മുംബൈയിലെ സഊദി കോൺസുലേറ്റ്. ഇന്ന് നൽകിയ അടിയന്തിര അറിയിപ്പിലാണ് ഇത് സംബന്ധമായ വിവരം കോൺസുലേറ്റ് നൽകിയത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച കോൺസുലേറ്റിൽ വിസ സ്റ്റാമ്പി ങ്ങിനായി പാസ്പോർട്ടുകൾ സമർപ്പിക്കാമെന്നും കോൺസുലേറ്റ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബ സന്ദർശന വിസകൾ, ബിസിനസ് വിസിറ്റ് വിസകൾ, റെസിഡന്റ് വിസകൾ (الزيارة العائلية – زيارة الاعمال – تاشيرة الاقامة) എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള പാസ്പോർട്ടുകൾ എണ്ണം പരിഗണിക്കാതെ വ്യാഴാഴ്ച സ്വീകരിക്കുമെന്നും ഇത്തരം വിസകൾ ഏജൻസികൾ വഴി സ്വീകരിക്കുന്നതിനുള്ള അവസാന ദിവസമായിരിക്കും ഇതെന്നും മുംബൈയിലെ സഊദി കോൺസുലേറ്റ് ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി.
മെയ് ഒന്ന് തിങ്കളാഴ്ച മുതൽ അംഗീകൃത ഓഫീസുകൾക്ക് അവരുടെ അവസരത്തിൽ തൊഴിൽ വിസ മാത്രമേ സമർപ്പിക്കാൻ കഴിയൂ എന്നും 40 പാസ്‌പോർട്ടുകൾ എന്ന ക്വാട്ട പ്രകാരം ആയിരിക്കും ഇതെന്നും കോൺസുലേറ്റ് അറിയിച്ചു
ഇതോടെ, സഊദിയിലേക്കുള്ള തൊഴിൽ, ഹജ്ജ്, ഉംറ വിസകൾ ഒഴികെയുള്ള മുഴുവൻ വിസകളും സ്റ്റാംബ് ചെയ്യാൻ ഇനി വി എഫ് എസ് വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഇത് ചിലവ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ചില കാര്യങ്ങൾക്ക് ഇടയാകുമെന്ന് ട്രാവൽസ് ഏജൻസി വൃത്തങ്ങൾ പറയുന്നുണ്ട്. നിലവിൽ മുംബൈ, ചെന്നൈ വിഎഫ്എസ് കേന്ദ്രങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്രയം. എന്നാല്‍, വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വിഎഫ്എസില്‍ വിസ രേഖകള്‍ സമർപ്പിക്കാമെന്നതിനാൽ ട്രാവൽസ് ഏജൻസികൾ വഴിയും വിഎഫ്എസ് കേന്ദ്രത്തിൽ വിസ സമർപ്പിക്കാൻ കഴിയും.പുതുതായി കൂടുതൽ സെന്ററുകൾ വരാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുംബൈയിലെ വി എഫ് എസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. അപോയിന്‍മെന്റ് അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ സബ്‌മിറ്റ് ചെയ്യേണ്ടത്. സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലടക്കമുള്ള സേവനങ്ങള്‍ വിഎഫ്എസ് തന്നെ പൂർത്തീകരിക്കും. എന്നാൽ, നിലവിൽ നിന്ന് വ്യത്യസ്തമായി ചിലവ് വർധിക്കും. കേരളത്തിൽ നിന്ന് ട്രാവൽ ഏജൻസികൾ വഴിയായിരിക്കും വി എഫ് എസിൽ സമർപ്പിക്കേണ്ടി വരികയെന്നതിനാൽ സർവ്വീസ് ചാർജുകളും വർധിക്കും