അബഹ:പരിശുദ്ധ റമദാനിൽ ഉംറ തീർത്ഥാടകരായ 20 ഓളം പേർ അപകടത്തിൽ പെട്ട് മരിച്ച അബഹ അൽശഹാർ ചുരം ഏപ്രിൽ 27 (ഞായറാഴ്ച) മുതൽ നാലുമാസത്തേക്ക് അടച്ചിടും. അറ്റകുറ്റപണി നടക്കുന്ന കാലയളവിൽ രാത്രികാലങ്ങളിൽ പരിപൂർണമായി അടക്കുന്ന ചുരം വഴി രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ട്രക്കുകളെ മാത്രം കടത്തിവിടും. ചെറു വാഹനങ്ങൾ മറ്റു ചുരപാതകൾ ഉപയോഗിക്കണം.അസീർ പ്രവിശ്യയിലേക്കു വലിയ വാഹനങ്ങൾക്കും ട്രക്കുകൾക്കും എത്തിച്ചേരാനുള്ള ഏക മാർഗമായ ശഹാർ റോഡ് പണികഴിപ്പിച്ചത് 1980 ലാണ്. 14 കിലോമീറ്റർ നീളത്തിലുള്ള ചുരത്തിൽ 11 തുരങ്കങ്ങളും 32 പാലങ്ങളുമുണ്ട്. ചുരം റോഡിലെ തിരക്കു കുറക്കുന്നതിന് മഹായിലിനു വടക്കുള്ള നഖ്‌ലത്തെൻ ചുരം നിർമാണവും തെക്കുള്ള ഖദ്വ ചുരവും പണിപൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്ന് പ്രദേശ വാസികൾ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.