മദീന:ഈദുൽ ഫിത്ർ രണ്ടാം ദിനം മദീന ബസ് സർവീസ് പുനരാരംഭിച്ചതായി മദീന വികസന സമിതി അറിയിച്ചു. ഇനി മുതൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി പത്ത് മണി വരെയാണ് സർവീസ് സമയം.
മദീനയുടെ വിവിധ ഭാഗങ്ങളിൽ അഞ്ച് റൂട്ടുകളിലായി 98 ബസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സർവീസ്. ഹറമൈൻ ട്രെയിൻ, മസ്ജിദുന്നബവി റൂട്ടിൽ ഓരോ 60 മിനിട്ടിലും സർവീസ് സൗകര്യം ലഭ്യമാണ്. എയർപോർട്ട് – മസ്ജിദുന്നബവി റൂട്ടിൽ ഓരോ അര മണിക്കൂറിലും സർവീസുണ്ട്. തയ്യിബ യൂനിവേഴ്‌സിറ്റി- അൽആലിയ മാൾ റൂട്ടിലും മീഖാത്ത് – അൽഖാലിദിയ റൂട്ടിലും 15 മിനിട്ടിലും അൽഖസ്‌വ- സയ്യിദുശ്ശുഹദാ റൂട്ടിൽ 20 മിനിട്ടിലാണ് ബസുകൾ സർവീസ് നടത്തുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ മദീന നിവാസികൾക്ക് വിവിധ ഭാഗങ്ങളിലേക്ക് സഞ്ചാര സൗകര്യമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റമദാനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും 18 ലക്ഷത്തിലധികം പേർക്ക് പ്രയോജനപ്പെട്ടുവെന്നും അതോറിറ്റി അറിയിച്ചു.