റിയാദ്- ബഹ്‌റൈനിലേക്ക് പോകാനായി കിംഗ് ഫഹദ് കോസ്‌വേയിലെത്തുന്ന സൗദി പൗരന്മാരും വിദേശികളും യാത്രാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോസ്‌വേ അധികൃതര്‍ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ ബഹ്‌റൈനില്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികള്‍ റീ എന്‍ട്രിയും ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും കൈവശം വെക്കണം. വാഹനവുമായി പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖയായ ഇസ്തിമാറ എന്നിവ നിര്‍ബന്ധമാണ്. മറ്റുള്ളവരുടെയോ സ്ഥാപനങ്ങളുടെയോ വാഹനവുമായി പോകുന്നവര്‍ അതിനുള്ള പ്രത്യേക അനുമതി ഓണ്‍ലൈനില്‍ എടുക്കണം. ബഹ്‌റൈനിലേക്കുള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് നേരത്തെ എടുത്തുവെച്ചാല്‍ ലൈനുകളില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടതില്ല.
സൗദി പൗരന്മാര്‍ അവരുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ കൂടെ കരുതണം. ഇതിന് മുന്നുമാസത്തിലധികം കാലാവധി വേണം. കോവിഡ് വാക്‌സിന്‍ എടുക്കുകയും വേണം. ഗാര്‍ഹിക ജോലിക്കാരെ കൂടെ കൊണ്ടുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് റീ എന്‍ട്രിയും പാസ്‌പോര്‍ട്ടും നിര്‍ബന്ധമാണ്. കോസ്‌വേ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.