ജിദ്ദ-സൗദിയിൽ അബ്ഷിർ വഴി വാഹനങ്ങളുടെ ഓതറൈസേഷൻ (വാഹനങ്ങളുടെ താല്‍ക്കാലിക കൈമാറ്റം/താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള അവകാശം) ഉടമ മറ്റൊരാൾക്ക് കൈമാറുമ്പോൾ പലപ്പോഴും എറർ മെസേജ് വരുന്നതായി നിരവധി പേർ പരാതിപ്പെടാറുണ്ട്. നിലവിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാൾക്ക് അബ്ഷിർ വഴി എളുപ്പത്തിൽ കൈമാറാൻ സാധിക്കും. ഇതിന് പ്രത്യേക ഫീസോ മറ്റു നടപടിക്രമങ്ങളോ ഇല്ല. എന്നാൽ ഓതറൈസേഷൻ നൽകുമ്പോൾ ചില നേരങ്ങളിൽ എറർ മെസേജ് വരും. എത്ര ശ്രമിച്ചാലും ഇത് മറികടക്കാനാകാറില്ല.
അതേസമയം, ഇങ്ങിനെ മെസേജ് വരാനുള്ള കാരണമുണ്ട. ഓതറൈസേഷൻ നൽകുന്ന വാഹനത്തിന്റെ ഫഹസ് തീർന്നതാണ് ഇത്തരത്തിൽ എറർ മെസേജ് വരാൻ കാരണം. ഫഹസ് ലഭിച്ചാൽ ഏറ്റവും എളുപ്പത്തിൽ അബ്ഷിർ വഴി ഓതറൈസേഷൻ നൽകാം.
സൗദി റസിഡന്റ് വിസ ഉള്ള ഒരാൾക്ക്, സൗദിയിൽ വിസയുള്ള മറ്റൊരാൾക്ക് വാഹനത്തിന്റെ ഓതറൈസേഷൻ കൈമാറാം. ഇത് കൈമാറിയില്ലെങ്കിൽ വാഹനം മറ്റൊരാൾക്ക് ഉപയോഗിക്കാനാകില്ല. ആരുടെ പേരിലാണോ വാഹനം അവർക്ക് മാത്രമേ, സൗദിയിൽ ആ വാഹനം ഓടിക്കാൻ നിയമപരമായി അവകാശമുള്ളൂ.