ദോഹ:രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഖത്തർ ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ഘട്ടത്തിലെ കർമപദ്ധതികളിൽ പ്രധാനം ടൂറിസത്തിനായിരിക്കും. ദേശീയ ദർശന രേഖ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകകപ്പ് ആതിഥേയത്വം കരുത്തേകി. ലോകകപ്പിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കും. അടുത്ത 2 മാസത്തിനുള്ളിൽ മൂന്നാമത് വികസന നയം പ്രഖ്യാപിക്കും. ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് മുഖ്യപരിഗണന. നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. പൊതു ബജറ്റിന്റെ 20 ശതമാനവും ചെലവിടുന്നത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കാണ്. 2,100 കോടി റിയാൽ ആണ് ആരോഗ്യമേഖലക്കായി ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട കൂടുതൽ നിയമങ്ങൾ വൈകാതെ നടപ്പാക്കുമെന്നും വിദ്യാഭ്യാസ സംവിധാനം നേരിടുന്ന വെല്ലുവിളികൾക്കും ഉടനടി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.