മക്ക:വിശുദ്ധ ഹറമിൽ തീർഥാടകരുടെയും വിശ്വാസികളുടെയും ഇഅ്തികാഫ് ഇരിക്കുന്നവരുടെയും ഉപയോഗത്തിന് ഫാസ്റ്റ് മൊബൈൽ ചാർജർ സേവനവും നിലവിൽവന്നു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മൊബൈൽ ചാർജിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. പവർ ബാങ്കുകളെ പോലെ പ്രവർത്തിക്കുന്ന ഏതാനും മൊബൈൽ ചാർജറുകൾ അടങ്ങിയ, മൊബൈൽ ചാർജർ ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന എൽ.ഇ.ഡി സ്‌ക്രീൻ അടങ്ങിയ ഫിക്‌സഡ് ചാർജിംഗ് പ്ലാറ്റ്‌ഫോം ആണിതെന്ന് കിസ്‌വ കോംപ്ലക്‌സ് കാര്യങ്ങൾക്കും എൻജിനീയറിംഗ്, ടെക്‌നിക്കൽ കാര്യങ്ങൾക്കുമുള്ള ഹറംകാര്യ വകുപ്പ് ഉപമേധാവി എൻജിനീയർ സുൽത്താൻ അൽഖുറശി പറഞ്ഞു.
ഈ പ്ലാറ്റ്‌ഫോമിൽ മൊബൈൽ ഫോണുകളുടെ ഫാസ്റ്റ് ചാർജിംഗിനുള്ള ഏതാനും മൊബൈൽ ചാർജറുകൾ അടങ്ങിയിരിക്കുന്നു. എല്ലായിനം മൊബൈൽ ഫോണുകളും ചാർജ് ചെയ്യാൻ സാധിക്കുന്നതിന് മൊബൈൽ ചാർജറുകളിൽ മൂന്നു കേബിളുകൾ വീതമുണ്ട്. ഫിക്‌സഡ് ചാർജിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് ചാർജർ എടുത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിച്ച ശേഷം തിരികെ വെക്കുകയാണ് വേണ്ടത്. സേവനം പൂർണമായി നൽകുന്നുവെന്ന് ഉറപ്പാക്കാൻ ട്രാക്കിംഗ് ഉപകരണങ്ങളിലൂടെ സംവിധാനം നിരീക്ഷിക്കുകയും റിപ്പയർ ജോലികൾ നടത്തുകയും ചെയ്യുന്നതായും എൻജിനീയർ സുൽത്താൻ അൽഖുറശി പറഞ്ഞു. വിഷൻ 2030 പദ്ധതിക്കനുസൃതമായി തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനുള്ള ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസൃതമായാണ് പുതിയ സേവനം നടപ്പാക്കിയതെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.