റിയാദ് – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം ലക്ഷ്യമിട്ടുള്ള മൂന്നാമത് ദേശീയ സംഭാവന ശേഖരണ കാമ്പയിന്റെ ആദ്യദിനം ഉദാരമതികളിൽ നിന്ന് ലഭിച്ചത് 47 കോടിയിലേറെ റിയാൽ. തിങ്കളാഴ്ച രാത്രിയാണ് സംഭാവന ശേഖരണ കാമ്പയിന് തുടക്കമായത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാലു കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മൂന്നു കോടി റിയാലും സംഭാവന നൽകി ദേശീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സംഭാവനകൾ നൽകി കാമ്പയിനിൽ പങ്കാളിത്തം വഹിക്കാൻ ആദ്യ ദിനം തന്നെ വ്യക്തികളും കമ്പനികളും ബാങ്കുകളും മറ്റും മുന്നോട്ടു വന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്.
ഇത്തവണത്തെ റമദാനിൽ നടത്തുന്ന രണ്ടാമത്തെ സംഭാവന ശേഖരണ യജ്ഞമാണിത്. നിർധനർക്ക് പാർപ്പിടങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് റമദാൻ ഒന്നിന് ആരംഭിച്ച ജൂദ് അൽഇസ്‌കാൻ കാമ്പയിനിലൂടെ 100 കോടിയിലേറെ റിയാൽ സംഭാവനകളായി ലഭിച്ചു. നിർധനർക്ക് 3,700 പാർപ്പിടങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് റമദാനിൽ 30 ദിവസത്തിനകം 100 കോടി റിയാൽ സമാഹരിക്കാനാണ് ഉന്നമിട്ടിരുന്നത്. എന്നാൽ റമദാൻ പകുതായിയപ്പോഴേക്കും ലക്ഷ്യം മറികടക്കാൻ സാധിച്ചു.
റമദാനിൽ ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന മൂന്നാമത്തെ ദേശീയ സംഭാവന ശേഖരണ യജ്ഞമാണ് ഇത്തവണത്തേത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും റമദാൻ കാലത്ത് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി സംഭാവനകൾ നൽകാൻ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ വലിയ തോതിൽ മുന്നോട്ടു വന്നിരുന്നു. പ്ലാറ്റ്‌ഫോം ആരംഭിച്ച ശേഷം രണ്ടു വർഷത്തിനിടെ ഉദാരമതികളിൽ നിന്ന് 330 കോടിയിലേറെ റിയാൽ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ജീവകാരുണ്യ മേഖലകളിൽ 48 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷ ഏജൻസി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി എന്നിവ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കുന്നത്.