മുംബൈ: സഊദിയിൽ സന്ദർശനം ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി മുംബൈയിലെ സഊദി കോൺസുലേറ്റ് സന്ദേശം. നിലവിൽ ഉണ്ടായിരുന്ന വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായി തിരിച്ചയച്ച പാസ്പോർട്ടുകൾ വീണ്ടും സബ്‌മിറ്റ് ചെയ്യാൻ ട്രാവൽസ് ഏജൻസികൾക്ക് കോൺസുലേറ്റ് നിർദേശം നൽകി. ഇന്ന് വൈകുന്നേരം വരെ വിസ സ്റ്റാമ്പിങ് നടത്താതെ കോൺസുലേറ്റ് തിരിച്ചയച്ച പാസ്പോർട്ടുകൾ സബ്‌മിറ്റ് ചെയ്യാനും ഇവ സ്റ്റാമ്പിങ് നടത്തുമെന്നും കോൺസുലേറ്റ് ട്രാവൽസ് ഏജൻസികളെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിൽ ഒരു മാസത്തിനു മുകളിലായി പാസ്സ്പോർട്ട് സ്റ്റാമ്പിങ് പ്രതിസന്ധിയിലാണ്. ഇതെ തുടർന്ന് ആയിരക്കണക്കിന് പാസ്പോർട്ടുകളാണ് സ്റ്റാമ്പിങ് കഴിയാതെ കെട്ടി കിടക്കുന്നത്. ഇതിനൊരു പരിഹാരം ആകുകയാണിപ്പോൾ. കോൺസുലേറ്റ് നിർദേശപ്രകാരം വീണ്ടും ഈ സമയത്തിനു ശേഷം പാസ്‌പോർട്ടുകൾ സമര്പിക്കുമ്പോഴും, വീണ്ടും പഴയത് പോലെ 15 ദിവസം കഴിഞ്ഞ് സമർപ്പിക്കാൻ പറയുന്നത് ഏറെ നിരാശയാണ് സമ്മാനിച്ചിരുന്നത്. ഇതോടെ യാത്രക്കായി ഒരുങ്ങിയ പല പ്രവാസി കുടുംബങ്ങളും യാത്ര നിർത്തിവെക്കുകയോ ഉംറ വിസകൾ നേടി യാത്രയാകുകയോ ചെയ്യുകയായിരുന്നു.
ഒരു കുടുംബത്തിന്റെ തന്നെ നാലും അഞ്ചും പാസ്‌പോർട്ടുകൾ ഒന്നിച്ചു സമർപ്പിക്കുമ്പോൾ ചില പാസ്പോർട്ടുകൾ മാത്രമായി തിരിച്ചയച്ചത് കുടുംബങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് സഊദിയിലേക്കുള്ള യാത്രയെയും നേരത്തെ ടിക്കറ്റ് എടുത്തു വെച്ചവരെയുമാണ് കൂടുതൽ പ്രതിസന്ധിയിൽ ആക്കിയത്. എന്നാൽ, ഇത്തരത്തിൽ തിരിച്ചയച്ച മുഴുവൻ പാസ്പോർട്ടുകളും സബ്‌മിറ്റ് ചെയ്ത് സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാനാണ് ഇന്ന് കോൺസുലേറ്റ് നിർദേശം നൽകിയത്.
അതേസമയം, ഏപ്രിൽ നാല് മുതൽ സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള
ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശം മുംബൈയിലെ സഊദി കോൺസുലേറ്റ് മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. എന്നാൽ, നിലവിൽ ട്രാവൽസിൽ നൽകിയ പാസ്പോർട്ടുകൾ കോൺസുലേറ്റിൽ സമർപ്പിച്ച് സ്റ്റാംപിംഗ് പൂർത്തീകരിക്കാൻ ഈ മാസം 19 വരെ സമയം നൽകിയിട്ടുണ്ട്.