റിയാദ്: വിലയിൽ കൃത്രിമം കാണിച്ചതിന് 14 സൗദി പ്രാദേശിക സിമന്റ് കമ്പനികൾക്ക് ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ (ജിഎസി) മൊത്തം 140 ദശലക്ഷം റിയാൽ പിഴ ചുമത്തി.
ആഭ്യന്തര സിമന്റ് വിപണിയിൽ വിലക്കയറ്റം വരുത്താൻ ശ്രമിച്ചതിന് ഓരോ കമ്പനിയും 10 മില്യൺ റിയാൽ പിഴ അടയ്‌ക്കേണ്ടി വരും.
ഉപഭോക്താക്കൾ നൽകിയ പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തിയ ശേഷം 14 സിമന്റ് സ്ഥാപനങ്ങൾ “വിപണിയിൽ കൃത്രിമം കാണിക്കുന്നതിനും സിമന്റ് വില വർദ്ധിപ്പിക്കുന്നതിനും” നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് GAC കണ്ടെത്തി.
പരാതികളിൽ അന്വേഷണം നടത്താൻ ജിഎസിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. തെളിവുകളും വിവരങ്ങളും ശേഖരിച്ച് ആവശ്യമായ അന്വേഷണങ്ങൾ നടത്തിയപ്പോൾ 14 കമ്പനികളും ഒരേസമയം സിമന്റ് വില വർധിപ്പിക്കാൻ സമ്മതിച്ചതിലൂടെ മത്സര നിയമം ലംഘിച്ചതായി തെളിഞ്ഞു.
റിയാദിലെ അഡ്‌മിനിസ്‌ട്രേറ്റീവ് അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പിഴ ചുമത്താനുള്ള തീരുമാനം അന്തിമമായതെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
അൽ-സഫ്‌വ, അൽ-മദീന, ഉമ്മുൽ-ഖുറ, അൽ-ജൗഫ്, അൽ-ഖാസിം, സതേൺ സിമന്റ്, നജ്‌റാൻ, യുണൈറ്റഡ് സിമൻറ്, അൽ-യമാമ, അൽ-റിയാദ്, അറേബ്യൻ സിമന്റ്, സൗദി സിമന്റ്, യാൻബു എന്നിവയാണ് പിഴ ചുമത്തിയ സിമന്റ് കമ്പനികൾ.