റിയാദ്- മധ്യപൗരസ്ത്യദേശത്തെ തങ്ങളുടെ മെയിൻ ആസ്ഥാനം സ്ഥാപിക്കാൻ റിയാദിനെ തെരഞ്ഞെടുക്കാൻ മുൻനിര ലോക സാങ്കേതിക കമ്പനിയായ ഹുവാവി ടെക്‌നോളജീസ് ആലോചിക്കുന്നു. നിലവിൽ കമ്പനിക്ക് ബഹ്‌റൈനിലും ദുബായിലും ആസ്ഥാനങ്ങളുണ്ട്. ചൈനീസ് കമ്പനിയായ ഹുവാവിക്ക് റിയാദിലും മധ്യപൗരസ്ത്യദേശത്തെങ്ങും മറ്റു നഗരങ്ങളിലും ഓഫീസുകളുമുണ്ട്.
സൗദിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി അധികൃതരുമായി ഹുവാവി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ സൗദിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. സൗദിയിൽ മേഖലാ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് 2024 ആദ്യം മുതൽ സർക്കാർ വകുപ്പുകൾ കരാറുകൾ അനുവദിക്കുന്നത് വിലക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.