മക്ക: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ മസ്ജിദുൽ ഹറാമിന്റെ മൂന്നാം വിപുലീകരണ ഭാഗം തുറന്ന് വിശ്വാസികൾക്ക് പ്രാർഥന സൗകര്യമൊരുക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവിടുത്തെ ഫീൽഡ്, എൻജിനീയറിംഗ്, ടെക്നിക്കൽ സംവിധാനങ്ങൾ പരിശോധിക്കുകയും എൻജിനീയർമാർ, നിരീക്ഷകർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയും ചെയ്തതായി കാര്യാലയം അറിയിച്ചു.
വിപുലീകരണ ഭാഗത്തെ എല്ലാ നിലകളിലും ഫീൽഡ് സേവന പദ്ധതികൾ നടപ്പാക്കി. ജർവൽ തുരങ്കം, ജബലുൽ കഅ്ബ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കായി ഇടനാഴികളും മുറ്റവും സജ്ജമാക്കി. ശുചീകരണം, സുഗന്ധലേപനം, സംസം ജല വിതരണം, വാതിലുകളുടെ നിയന്ത്രണം, മുസല്ലകൾ വിരിക്കൽ, ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും പ്രവർത്തനം, അന്തരീക്ഷ താപനിലയും വായു ശുദ്ധതയും കണക്കിലെടുക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ പ്രവർത്തനം, അകത്തും പുറത്തുമുള്ള ലൈറ്റിംഗ് സിസ്റ്റം, സൗണ്ട് സിസ്റ്റം എന്നിവ മുഴുസമയവും പ്രവർത്തിക്കുമെന്നും ഹറം കാര്യാലയം അറിയിച്ചു.
അതേസമയം, വിശുദ്ധ റമദാന്റെ ആദ്യ പകുതിയിൽ മദീനയിലെ മസ്ജിദുന്നബവിയിൽ 1,57,000 പേരെത്തിയതായി മസ്ജിദുന്നബവി കാര്യ വിഭാഗം അറിയിച്ചു. റൗദ ശരീഫിലും പഴയ മസ്ജിദിലും നമസ്കാരത്തിന് 13 ലക്ഷം പേരാണ് വാതിലുകൾ വഴി പ്രവേശിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയുടെയും രണ്ട് അനുചരന്മാരുടെയും ഖബറുകൾ സന്ദർശിക്കാൻ പത്ത് ലക്ഷത്തിലധികം പേരെത്തി. പത്ത് ലക്ഷം സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. 28 ലക്ഷം ലിറ്റർ സംസം കുടിവെള്ളമായി ഉപയോഗിച്ചു. 25,000 കാർപറ്റുകളാണ് പുതുതായി വിരിച്ചത്.
മസ്ജിദുൽ ഹറമിലെ ഇടനാഴികളിലും നടപ്പാതകളിലും വാതിലുകൾക്ക് മുന്നിലും ട്രോളി ട്രാക്കുകളിലും നമസ്കരിക്കരുതെന്ന് മന്ത്രാലയം തീർഥാടകരോടും സന്ദർശകരോടും ആവശ്യപ്പെട്ടു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.