റിയാദ്: ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ ഇരുപത്തിയൊന്നായിരം സ്വദേശികൾ ജോലിചെയ്യുന്നതായി സൗദി കമ്മീഷൻ ഫോർ ഡാറ്റ ആന്റ് (എ ഐ) ആർട്ടിഫിഷ്വൽ ഇന്റലിജൻസ് സദായ വാക്താവ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത്രയധികം യുവതി യുവാക്കളെ പരിശീലിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. സൗദി ഭരണ നേതൃത്വത്തിൽ നിന്നും പ്രത്യേകിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നൽകിയ അകമഴിഞ്ഞ പിന്തുണ ഈ രംഗത്ത് പ്രവർത്തിക്കാൻ ഏറെ സഹായകരമായതായി സൗദി ഡാറ്റ ആന്റ് എ.ഐ വാക്താവ് എഞ്ചിനിയർ മാജിദ് അൽ ശഹ്‌രി പറഞ്ഞു. ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ രാജ്യത്തിനു കരുത്തു പകരുന്ന നിരവധി ക്യാമ്പുകളും പരിശീലന കളരികളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഉടനടി സംഘടിപ്പിക്കാൻ അതോറിറ്റി ഉദ്ദേശിക്കുന്നതായി മാജിദ് ശഹരി പറഞ്ഞു.