മക്ക- വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവരെ സ്വീകരിക്കാൻ ഹറംകാര്യ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഓൺലൈൻ വഴിയുള്ള ഇഅ്തികാഫ് രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽസൗലി പറഞ്ഞു. ഹറമിൽ രണ്ടിടങ്ങളാണ് ഇഅ്തികാഫ് ഇരിക്കുന്നവർക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
കിംഗ് ഫഹദ് വികസന ഭാഗത്തെ അടിയിലെ നിലയിൽ പുരുഷന്മാർക്കും കിംഗ് അബ്ദുല്ല വികസന ഭാഗത്തെ ഒന്നാം നിലയിൽ മധ്യഭാഗത്തെയും പിൻവശത്തെയും നമസ്‌കാര സ്ഥലങ്ങൾ സ്ത്രീപുരുഷന്മാർക്കുമാണ് ഇഅ്തികാഫ് ഇരിക്കാൻ വേണ്ടി നീക്കിവെച്ചിരിക്കുന്നത്. ഹറമിനകത്തും ഹറമിന്റെ മുറ്റങ്ങളിലും മറ്റൊരിടത്തും ഇഅ്തികാഫ് അനുവദിക്കില്ല.
കിംഗ് ഫഹദ് വികസന ഭാഗത്ത് ഇഅ്തികാഫിനു വേണ്ടി നീക്കിവെച്ച സ്ഥലത്തേക്ക് 75, 76, 77, 81, 82, 83 കവാടങ്ങൾ വഴിയും കിംഗ് അബ്ദുല്ല വികസന ഭാഗത്ത് ഇഅ്തികാഫിനു വേണ്ടി നീക്കിവെച്ച സ്ഥലത്തേക്ക് 116, 119, 106 കവാടങ്ങൾ വഴിയും പ്രവേശിക്കാവുന്നതാണെന്നും അബ്ദുല്ല അൽസൗലി പറഞ്ഞു.