ദുബായ്- ദുബായില്‍ ശ്രേഷ്ഠ പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ച് നടത്തിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പി7 നമ്പറിന് ലഭിച്ചത് 55 ദശലക്ഷം ദിര്‍ഹം.
ഏകദേശം 1,226,144,700 ഇന്ത്യന്‍ രൂപ.
15 ദശലക്ഷം ദിര്‍ഹത്തില്‍ തുടങ്ങിയ ലേലം നിമിഷങ്ങള്‍ക്കകം 30 ദശലക്ഷം ദിര്‍ഹമായി ഉയര്‍ന്നു. തുടര്‍ന്ന് ടെലിഗ്രാം ആപ്പിന്റെ സ്ഥാപകനും ഉടമയുമായ ഫ്രഞ്ച്- എമിറാത്തി വ്യവസായി പവല്‍ വലേരിവിച്ച് ഡുറോവ് 35 മില്യണ്‍ ദിര്‍ഹം വിളിച്ചതോടെ കുറച്ച് മിനിറ്റുകളോളം ലേലം സ്തംഭിച്ചു.
പിന്നീട് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ 55 ദശലക്ഷം ദിര്‍ഹം വിളിക്കുന്നതുവരെ ലേലത്തുക ഉയര്‍ന്നുകൊണ്ടേയിരുന്നു.
ഓരോ തുകയും വിളിച്ചപ്പോള്‍ ജനക്കൂട്ടം ആഹ്ലാദിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. ഇതേ സമയം തന്നെ പല വിഐപി നമ്പര്‍ പ്ലേറ്റുകളും ഫോണ്‍ നമ്പറുകളും ലേലം ചെയ്തിരുന്നു. ലേലത്തിലൂടെ റമദാനിലെ ഭക്ഷണ വിതരണത്തിനായി ഏകദേശം 100 മില്യണ്‍ ദിര്‍ഹമാണ് സമാഹരിച്ചത്. ജുമൈറയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ കാര്‍ പ്ലേറ്റുകളുടെയും സവിശേഷ മൊബൈല്‍ ഫോണ്‍ നമ്പറുകളുടെയും ലേലത്തില്‍ നിന്ന് 97,920,000 ദിര്‍ഹമാണ് സമാഹരിച്ചത്.
എമിറേറ്റ്‌സ് ഓക് ഷന്‍, ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, എത്തിസലാത്ത്, ഡു എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
അബുദാബിയില്‍ നമ്പര്‍ വണ്‍ നമ്പര്‍ പ്ലേറ്റ് കരസ്ഥമാക്കാന്‍ ഒരു വ്യവസായി സ്ഥാപിച്ച 52.2 ദശലക്ഷം ദിര്‍ഹമിന്റെ നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാനാണ് നിരവധി പേര്‍ പി 7 ലേലം വിളിയിലൂടെ ശ്രമിച്ചത്.
നോബിളസ്റ്റ് ലേലത്തില്‍ നിന്നുള്ള എല്ലാ വരുമാനവും ആഗോള പട്ടിണിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് കാമ്പയിനിലേക്കാണ് നല്‍കുക.
റമദാനിലെ ജനങ്ങളുടെ ഉദാര മനോഭാവം മുന്‍നിര്‍ത്തി വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി ആരംഭിച്ചത്.